'എല്ലാം രാഷ്ട്രീയം, ഒന്നും പറയാനില്ല';പത്മജയെ ബിജെപിയിലെത്തിച്ചെന്ന ആരോപണം തള്ളി ബെഹ്‌റ

പത്മജ വേണുഗോപാല്‍, ലോക്‌നാഥ് ബെഹ്‌റ|ഫോട്ടോ:മാതൃഭൂമി
പത്മജ വേണുഗോപാല്‍, ലോക്‌നാഥ് ബെഹ്‌റ|ഫോട്ടോ:മാതൃഭൂമി

കൊച്ചി: പത്മജ വേണു​ഗോപാലിനെ ബി.ജെ.പിയിലെത്തിച്ചത് താനാണെന്ന ആരോപണം തള്ളി മുൻ ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.മുരളീധരനും ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പ്രമുഖ വസ്ത്രവ്യാപാര ഉടമയെ മോദിയുടെ പരിപാടിയിൽ എത്തിച്ചതിന് പിന്നിൽ താനാണെന്ന ആരോപണവും അദ്ദേഹം തള്ളി.

പത്മജയെ ബി.ജെ.പിയിലെത്തിച്ചത് കേരളത്തിൽ ഇപ്പോഴും പദവിയിലിരിക്കുന്ന ഒരു റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. പിണറായി വിജയനു വേണ്ടിയാണ് പത്മജ വേണു​ഗോപാലിനെ ബി.ജെ.പിയിലെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്നാഥ് ബെഹ്റയാണ് പത്മജയെ ബി.ജെ.പിയിലെത്തിച്ചതെന്ന് കെ മുരളീധരനും ആരോപിച്ചിരുന്നു.

പ്രമുഖ വസ്ത്രവ്യാപാര ഉടമയെ മോദിയുടെ പരിപാടിയിൽ എത്തിച്ചത് ബെഹ്‌റയാണെന്ന ആരോപണം ഉന്നയിച്ചത് കോൺ​ഗ്രസ് നേതാവ് ടോണി ചമ്മണിയായിരുന്നു. പദ്മജ വേണുഗോപാലിനെ മാത്രമല്ല എറണാകുളത്ത് പ്രവർത്തിക്കുന്ന കേരളത്തിലെതന്നെ ഏറ്റവും വലിയ വസ്ത്രവ്യാപാരശാല ഉടമയെ തൃശൂരിൽ നരേന്ദ്രമോദി പങ്കെടുത്ത ബിജെപിയുടെ വനിതാ സമ്മേളത്തിൽ സമ്മർദ്ദം ചെലുത്തി പങ്കെടുപ്പിക്കാൻ ഇടനിലനിന്നത് പിണറായി വിജയന്റെ വലംകയ്യായ ലോകനാഥ്‌ ബെഹ്‌റ തന്നെയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.  ഇടനിലക്കാരെവെച്ചു നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും വിടുപണിനടത്തി സ്വന്തം കുടുംബം സംരക്ഷിക്കേണ്ട ഗതികേടിലേക്ക് പിണറായി വിജയന്റെ രാഷ്ട്രീയം അധഃപതിച്ചിരിക്കുന്നുവെന്നും ടോണി ചമ്മണി വിമർശിച്ചു.

'ഇക്കാര്യത്തിലൊന്നും ഞാന്‍ ഒരു പ്രതികരണവും നടത്തന്നില്ല. കാരണം ഇതെല്ലാം രാഷ്ട്രീയ വിഷയങ്ങളാണ്. പ്രചരിക്കുന്നത് എല്ലാം വാസ്തവ വിരുദ്ധമാണ്'  ബെഹ്‌റ പറഞ്ഞു.
 

Content Highlights: loknath behra on allegations regarding pathmajas bjp entry