'ഇത്രയും മോശം വാദം കേട്ടിട്ടില്ല'; ദുരിതാശ്വാസനിധി കേസില്‍ ഇടക്കാല ഹര്‍ജി തള്ളി ലോകായുക്ത

#ടി.എസ്. ഹരികൃഷ്ണ /മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം |  ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ദുരിതാശ്വാസ നിധി കേസില്‍ പരാതിക്കാരന്റെ ഇടക്കാല ഹര്‍ജി ലോകായുക്ത വിശാല ബെഞ്ച് തള്ളി. ഇത്രയും മോശം വാദം താന്‍ മുമ്പ് കേട്ടിട്ടില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകനെ ഉപലോകായുക്ത രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പുച്ഛഭാവത്തിലാണ് കോടതിയെ അഭിസംബോധന ചെയ്തതെന്ന് ഉപലോകായുക്ത ബാബു മാത്യു പി. ജോസഫ് വിമർശിച്ചു.  ഡി.ജി.പി. ടി.എ. ഷാജിയുടെ വാദത്തിനെ ലോകായുക്ത പ്രശംസിച്ചു.

കേസിന്റെ സാധുത  സംബന്ധിച്ച് വീണ്ടും വാദം കേള്‍ക്കണമെന്ന ലോകായുക്ത നിലപാട് പുനഃപരിശോധിക്കണമെന്നായിരുന്നു ഇടക്കാല ഹര്‍ജിയിലെ ആവശ്യം. വെള്ളിയാഴ്ച രാവിലെ ഇടക്കാല ഹര്‍ജിയില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ ലോകായുക്തയുടെ ഭാഗത്തു നിന്ന് വിമര്‍ശനമുണ്ടായിരുന്നു. രാവിലെ മുതല്‍ ഉച്ച വരെ വാദം കേട്ടു. പിന്നീട് ഉച്ചയ്ക്ക് ശേഷം വാദം തുടരുകയാണുണ്ടായത്. ഇത്രയും മോശം വാദം ഇതിനു മുമ്പ് ഒരു കേസിലും താന്‍ കണ്ടിട്ടില്ല എന്നാണ് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പറഞ്ഞു. ലോകായുക്തയ്ക്ക് മുന്നില്‍ അഭിഭാഷകന്‍ പുച്ഛഭാവത്തോടെയാണെന്നും ജസ്റ്റിസ് വിമര്‍ശിച്ചു. ബഹുമാനമില്ലാതെയാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ പെരുമാറിയതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും വ്യക്തമാക്കി. കോടതിയില്‍ ജഡ്ജിമാരോട് മാന്യമായി പെരുമാറണമെന്നും കുറ്റപ്പെടുത്തി. കോടതിയ്ക്ക് പുറത്തിറങ്ങിയാല്‍ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ ഹര്‍ജിക്കാരന്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നും ലോകായുക്ത വിമര്‍ശിച്ചു.

ആരോടും പരാതിയും പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് പറയുന്നത് എന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു. കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്.
 

Content Highlights: lokayukta on cm relief fund misuse case