68,000 ലോക്കോ പൈലറ്റുമാര്‍ വെള്ളം മാത്രം കുടിച്ച് തീവണ്ടി ഓടിക്കും; 48 മണിക്കൂര്‍ നിരാഹാരസമരം തുടങ്ങി

കാഞ്ഞങ്ങാട്: തൊഴിലിടം ദുരിതമാകുന്നതില് പ്രതിഷേധിച്ച് ലോക്കോ പൈലറ്റുമാര്‍ 48 മണിക്കൂര്‍ നിരാഹാരസമരം തുടങ്ങി. ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
ഇന്ത്യയിലെ 68,000 ലോക്കോ പൈലറ്റുമാര്‍ വെള്ളം മാത്രം കുടിച്ച് തീവണ്ടി ഓടിക്കും. ദക്ഷിണ റെയില്‍വേയില്‍ വനിതകള്‍ ഉള്‍പ്പെടെ 4600 പേരും കേരളത്തിലെ രണ്ടു ഡിവിഷനുകളിലുമായി 1100 പേരും സമരത്തിലുണ്ട്. ആഴ്ചാവധി 46 മണിക്കൂറാക്കുക എന്നതാണ് പ്രധാന ആവശ്യം.
ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെയാണ് സമരം നടത്തുന്നതെന്ന് ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന് സെക്രട്ടറി ജനറല്‍ കെ.സി. ജെയിംസ് പറഞ്ഞു. റെയില്‍വേ എല്ലാ ജീവനക്കാര്‍ക്കും യാത്രാബത്ത ഉയര്‍ത്തിയിരുന്നു.
എന്നാല്‍, ലോക്കോ റണ്ണിങ് സ്റ്റാഫിന് അനുവദിച്ചിരുന്നില്ലെന്ന് അസോസിയേഷന് ആരോപിച്ചു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേന വിളിച്ച അസി. ലോക്കോ പൈലറ്റുമാരുടെ നിയമനം വേഗത്തിലാക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.
18,799 ഒഴിവുകള്‍
2024 ജനുവരി, ജൂണ്‍ മാസങ്ങളില്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് 18,799 അസി. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ദക്ഷിണ റെയില്‍വേയില്‍ 726 ഒഴിവുകളുണ്ട്. കേരളത്തില്‍ 170 ഒഴിവുകളുണ്ട്.
Content Highlights: Loco pilots across India begin a 48-hour hunger strike protesting poor working conditions and demanding weekly rest. Learn about their key demands.