വാർഡ് വിഭജനം സി.പി.എമ്മിന് വിജയിക്കാനാകുംവിധമെന്ന് കോൺഗ്രസ്, കോടതിയെ സമീപിച്ചേക്കും

#അനിൽ മുകുന്നേരി
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കരട് വാർഡ് വിഭജന റിപ്പോർട്ട് രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വിജയിക്കാനാകുംവിധം വിഭജനം നടത്തിയതിനെതിരേ കോടതിയെ സമീപിക്കാനും വ്യക്തമായ പഠനം നടത്തി വാർഡുകളുടെ ബദൽ ഭൂപടം തയ്യാറാക്കാനും നടപടി തുടങ്ങി.

ഭരണഘടനാ വിരുദ്ധമായും പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്താതെയും വാർഡ് വിഭജനം നടത്തിയെന്നാണ്‌ പാർട്ടിയുടെ വിലയിരുത്തൽ. ഇതിനെതിരേ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടൻ കോടതിയെ സമീപിക്കും. സി.പി.എമ്മിന് വിജയിക്കാനാകുംവിധം വാർഡുകളുടെ എണ്ണം കുറയ്ക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രവർത്തകരുടെ പ്രാഥമിക നിഗമനം. ഭരണസ്വാധീനം ഉപയോഗിച്ച് ഇത്തരത്തിൽ വാർഡ് വിഭജനത്തെ അട്ടിമറിച്ചത് ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാനും സംഘടന ലക്ഷ്യമിടുന്നുണ്ട്.

കരട് റിപ്പോർട്ട് വിശദമായി പഠിക്കാൻ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടൻ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കോൺഗ്രസ് രൂപവത്കരിച്ച ഡീലിമിറ്റേഷൻ കമ്മിറ്റിയിലെ അംഗങ്ങളും പാർട്ടി നേതാക്കളടങ്ങുന്ന സമിതിയും കരട് വിജ്ഞാപനരേഖകൾ സൂക്ഷ്മമായി പരിശോധിച്ച് വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് തയ്യാറാക്കണം. പരാതികൾ ഉപരിസമിതികൾക്ക് കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വാർഡ് ഭൂപടത്തിൽ അനധികൃതമായി വീടുകൾ ഉൾപ്പെടുത്തിയതും ജനസംഖ്യാകണക്കിലെ പിഴവും കോൺഗ്രസ് പരിശോധിക്കും. പലയിടത്തും ഒരേ വീടുതന്നെ രണ്ട് വാർഡിൽ ഉൾപ്പെട്ടെന്നും രാഷ്ട്രീയലക്ഷ്യംവെച്ച് പ്രകൃത്യാലുള്ള അതിരുകൾ മാറ്റിയതായും പ്രവർത്തകർ ആരോപിക്കുന്നു. ഇതേപ്പറ്റിയെല്ലാം പഠിച്ച് പരാതി നൽകും.

ഇതോടൊപ്പം വീടുകളുടെയും ആളുകളുടെയും എണ്ണം കണക്കാക്കി ബദൽ ഭൂപടം തയ്യാറാക്കി കളക്ടർക്കും ഡീലിമിറ്റേഷൻ കമ്മിറ്റിക്കും കൈമാറും. പരാതി സമർപ്പിക്കുന്നവർ വാദംകേൾക്കുന്നതിന് കൃത്യമായി പങ്കെടുക്കണമെന്നും സ്ഥലപരിശോധന നടക്കുമ്പോൾ പിഴവുകൾ അധികൃതരെ ബോധ്യപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Content Highlights: Local Self Government Election division of wards congress