നഗരങ്ങളില്‍ ആരും തെരുവിലുറങ്ങേണ്ട; അലഞ്ഞുതിരിയുന്നവരുടെ കണക്കെടുക്കാന്‍ തദ്ദേശവകുപ്പ്

#എം.കെ. സുരേഷ്
പ്രതീകാത്മകചിത്രം | തിരൂര്‍ ബസ് സ്റ്റാന്‍ഡ് (ഫയല്‍ചിത്രം)
പ്രതീകാത്മകചിത്രം | തിരൂര്‍ ബസ് സ്റ്റാന്‍ഡ് (ഫയല്‍ചിത്രം)

തിരുവനന്തപുരം: നഗരങ്ങളിലെ തെരുവോരത്തും കടവരാന്തകളിലും രാത്രിയില്‍ ഉറങ്ങുന്നവരുടെയും അലഞ്ഞുതിരിയുന്നവരുടെയും കണക്കെടുക്കും. കോര്‍പ്പറേഷന്‍ പ്രദേശത്തടക്കം പ്രധാനനഗരങ്ങളില്‍ അലഞ്ഞുതിരിയുന്നവരുടെ പട്ടിക തയ്യാറാക്കാനാണ് തദ്ദേശവകുപ്പിന്റെ നിര്‍ദേശം. അലഞ്ഞുതിരിയുന്നവരുടെ എണ്ണത്തിന് ആനുപാതികമായി അഭയകേന്ദ്രങ്ങള്‍ തയ്യാറാക്കുകയാണ് ലക്ഷ്യം.

നഗരങ്ങളില്‍ അലഞ്ഞുതിരിയുന്നവരെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റും. ഇവര്‍ക്കായി നഗരങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളും തുറക്കും. ചില കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നിലവില്‍ ഇത്തരം കേന്ദ്രങ്ങളുണ്ട്. പലനഗരങ്ങളിലും അഭയകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോഴും കടവരാന്തകളിലും തെരുവിലും ഉറങ്ങുന്നവരെയും അലഞ്ഞുതിരിയുന്നവരെയും കാണാം.

അതിദരിദ്ര കുടുംബങ്ങള്‍ക്കായി മൈക്രോപ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ധനകാര്യ സ്ഥാപനങ്ങളിലെ വായ്പാബാധ്യതയില്‍ ജപ്തിനേരിടുന്നുണ്ട്. ഇവരെക്കുറിച്ച് പഠനം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. 300 കുടുംബങ്ങളെ തിരഞ്ഞെടുത്ത് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആസൂത്രണബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണവിഭാഗം മേധാവിയെ ചുമതലപ്പെടുത്തി. 

Content Highlights: local self government department to list down people sleeping in the footpath