‘കിടന്നുമരിക്കാൻ’ താത്പര്യമില്ലേ? ‘ലിവിങ് വിൽ’ കൗണ്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജ്

ആലപ്പുഴ: ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ മരണത്തെ ‘പിടിച്ചുവെക്കാൻ’ ആഗ്രഹിക്കാത്തവർക്ക് സ്വാഗതം. നിങ്ങൾക്കായിതാ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒരു കൗണ്ടർ തുടങ്ങിയിരിക്കുന്നു.
സുഖപ്പെടാത്ത, ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയില്ലെന്നുറപ്പായ രോഗാവസ്ഥയിൽ മെഡിക്കൽ സംവിധാനങ്ങളുടെ സഹായത്തോടെ മരണം നീട്ടിവെക്കേണ്ടെന്ന് ഇവിടെയെത്തി നേരത്തേതന്നെ നിങ്ങൾക്ക് എഴുതിവെക്കാം.
ഇങ്ങനെ എഴുതിവെക്കുന്ന മരണതാത്പര്യപത്രത്തിന്റെ (ലിവിങ് വിൽ) അടിസ്ഥാനത്തിൽ മരണം ഏതുരീതിയിൽ വേണമെന്ന് കുടുംബത്തിനു നിശ്ചയിക്കാം. നവംബർ ഒന്നിന് തുടങ്ങിയ കൗണ്ടറിൽ ഇതുവരെ 87 പേർ മരണതാത്പര്യപത്രമെഴുതി. 18 വയസ്സുകഴിഞ്ഞ ആർക്കും രോഗമില്ലാത്ത അവസ്ഥയിൽത്തന്നെ താത്പര്യപത്രം തയ്യാറാക്കാം. കുടുംബാംഗത്തിന്റെയും സാക്ഷിയുടെയും ഒപ്പുവേണം. ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടെയോ ഒപ്പും സാക്ഷ്യപത്രവും വേണം. ഒരിക്കൽ എഴുതിവെച്ചാലും പിന്നീടു മാറ്റംവരുത്തുന്നതിനു തടസ്സമില്ല.
സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്നാണ് ഈ ആശയത്തിലേക്ക് എത്തിയതെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ പറഞ്ഞു.
Content Highlights: Kollam Medical College starts counter for preparing Living Wills