ആശുപത്രിച്ചെലവ് കണ്ടെത്താനാകുന്നില്ല; പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ ഹൈക്കോടതിയെ സമീപിച്ച് യുവാവ്

കേരള ഹൈക്കോടതി. ഫയല്‍ചിത്രം/മാതൃഭൂമി
കേരള ഹൈക്കോടതി. ഫയല്‍ചിത്രം/മാതൃഭൂമി

കൊച്ചി: ഫ്‌ളാറ്റില്‍നിന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടുന്നതിനായി ഒപ്പം താമസിച്ചിരുന്ന കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ആശുപത്രി ചെലവായ 1.30 ലക്ഷം രൂപ കണ്ടെത്താനാകാത്തതിനാലാണ് എല്‍.ജി.ബി.ടി.ക്യു.ഐ.എ. കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട യുവാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടി. ചൊവ്വാഴ്ച വിഷയം വീണ്ടും പരിഗണിക്കും.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആറ് വര്‍ഷമായി ഒന്നിച്ചു താമസിച്ചിരുന്ന തന്റെ പങ്കാളിക്ക് ഫെബ്രുവരി മൂന്നിന് പുലര്‍ച്ചെ ഫ്‌ളാറ്റില്‍നിന്ന് താഴെ വീണുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റെന്നും നാലാം തീയതി മരിച്ചെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

അപകടത്തെ തുടര്‍ന്ന് ആദ്യം കളമശ്ശേരി മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

പോലീസ് വഴി വിവരമറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ എത്തിയെങ്കിലും ആശുപത്രി ഫീസ് അടച്ചാലെ മൃതദേഹം ഏറ്റെടുക്കൂ എന്നായിരുന്നു അവരുടെ നിലപാട് എന്നും ഹര്‍ജിയില്‍ പറയുന്നു. തങ്ങളുടെ ബന്ധത്തെ ബന്ധുക്കള്‍ അനുകൂലിച്ചിരുന്നില്ല.

കൂലിവേലക്കാരനായ തനിക്ക് ഇത്രയും തുക കണ്ടെത്താനാകില്ലെന്നും 30,000 രൂപ അടയ്ക്കാന്‍ തയ്യാറാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം വിട്ടുനല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മൃതദേഹം വിട്ടുനല്‍കാന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിക്കണം എന്നാണ് ആവശ്യം.

Content Highlights: lgbtqia man approaches highcourt to release his partner body from hospital