കത്ത് ആവശ്യപ്പെട്ടത് വിഎസ്, പിണറായിയുമായി ചര്‍ച്ച നടത്തി,കടക്ക് പുറത്തെന്ന് പറഞ്ഞില്ല- നന്ദകുമാര്‍

കൊച്ചി: സോളാര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഈ കത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്നും ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.
നന്ദകുമാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങിപോകാന്‍ പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിനെയും അദ്ദേഹം നിഷേധിച്ചു. തന്നോട് പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്ന് നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'2016 ഫെബ്രുവരിയില്‍ സോളാര്‍ പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വിഎസ് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ശരണ്യ മനോജിനെ ബന്ധപ്പെട്ടു. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകള്‍ നല്‍കി. അത് ഞാന്‍ വിഎസിന് നല്‍കി. തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് ഞാന്‍ പിണറായിയുമായി ചര്‍ച്ച നടത്തിയത്. കടക്ക് പുറത്തെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.
അതിന് ശേഷമാണ് കത്ത് ഞാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയത്. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി. ശരണ്യമനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. ബെന്നി ബെഹാനാനും തമ്പാനൂര്‍ രവിയും 50000 രൂപ നല്‍കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ നിര്‍ത്തി കഷ്ടപ്പെടുത്തി. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല' നന്ദകുമാര്‍ പറഞ്ഞു.
രണ്ട് തവണ പിണറായിയെ കത്തിലെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. ആ കാലഘട്ടത്തില്‍ പിണറായിയുമായി നാലോ അഞ്ചോ തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായ ശേഷം പിണറായിയെ കണ്ടിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
ദല്ലാള്‍ നന്ദകുമാര്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ദല്ലാള്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞത്. കേരള ഹൗസില്‍ പ്രാതല്‍ കഴിക്കുമ്പോഴാണ് നന്ദകുമാര്‍ എത്തിയതെന്നും ഇറങ്ങിപോകാന്‍ പറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. സതീശന്‍ അങ്ങനെ പറയുമോയെന്ന് അറിയില്ല. വിജയന് അങ്ങനെ പറയാന്‍ മടിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
കേരള ഹൗസില്‍ വിഎസിന്റെ മുറിയാണെന്ന് കരുതിയാണ് ബെല്ലടിച്ചത്. വാതില്‍ തുറന്നെത്തിയത് പിണറായിയാണ്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. അല്ലാതെ ഇറക്കി വിട്ടിട്ടില്ലെന്നും നന്ദകുമാര്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ചു.
'പാര്‍ട്ടി സെക്രട്ടറിയായിരിക്കെ എകെജി സെന്ററില്‍ വെച്ചാണ് പിണറായിയെ കണ്ടത്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചില ഇഷ്ടക്കേടുകള്‍ ഉണ്ടായിരുന്നു. 2016 ഓടെ അത് പരിഹരിക്കപ്പെട്ടു. ഞാന്‍ കാരണമുണ്ടാക്കിയ എസ്എന്‍സി ലാവലിന്‍ കേസ് അദ്ദേഹത്തിന് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് എന്നോട് പല തവണ പറഞ്ഞു. ഒരു വിഷയം (സോളാര്‍) വരുന്നുണ്ടെന്നും അത് ഉപയോഗപ്പെടുത്തിയാല്‍ ഫലപ്രദമാകുമെന്നും ഞാന്‍ പിണറായിയോട് പറഞ്ഞു' നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
Content Highlights: letter was requested by VS, discussed with Pinarayi-dalal nandakumar