അമ്പൂരിയിൽ നാട്ടിലിറങ്ങിയ പുലിയെ മയക്കുവെടിവെച്ച് പിടികൂടി

അമ്പൂരിയിൽ ഭീതിപരത്തിയ പുലിയെ പിടികൂടുന്നു
അമ്പൂരിയിൽ ഭീതിപരത്തിയ പുലിയെ പിടികൂടുന്നു

തിരുവനന്തപുരം: അമ്പൂരിയിൽ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെട്ട പുലിയെ പിടികൂടി. കാട്ടുവള്ളിയിൽ കുടുങ്ങിയ  പുലി മയക്കുവെടിവെക്കുന്നിതിനിടയിൽ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്തി  മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.

അമ്പൂരി ചാക്കപ്പാറ കള്ളിമൂടിലാണ് വെള്ളിയാഴ്ച രാവിലെ പുലിയെ കാട്ടുവള്ളിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. കാരിക്കുഴി സ്വദേശി ഷൈജുവിന്റെ പുരയിടത്തിലായിരുന്നു പുലി കുടുങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷൈജുവിന്റെ സുഹൃത്ത് സുരേഷിനെ പുലി ആക്രമിക്കാൻ ശ്രമിച്ചു. പിന്നിലേക്ക് വീണ് പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യ റൗണ്ട് മയക്കുവെടിവെച്ചതിന് പിന്നാലെ പുലി കൂടുതൽ അക്രമാസക്തമായി. തുടർന്ന് രണ്ടാമത്തെ മയക്കുവെടിവെച്ചപ്പോൾ പുലി വള്ളി പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

രക്ഷപ്പെട്ട പുലി ജനവാസ മേഖലയിലേക്ക് നീങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലായി. അഗസ്ത്യാർകൂടം താഴ്വരയായ ഈ പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികളും എത്താറുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.
 

Content Highlights: Trapped Leopard Escapes Snare, Tranquilized and Captured in Amboori