അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു; വിട്ടുകൊടുക്കാതെ അമ്മ; പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

#സ്വന്തം ലേഖകൻ
അപ്പർ പാർലെ എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദീക്ഷിതന് വാൽപ്പാറ സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകുന്നു
അപ്പർ പാർലെ എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദീക്ഷിതന് വാൽപ്പാറ സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകുന്നു

വാൽപ്പാറ: അപ്പർ പാർലെ എസ്റ്റേറ്റിൽ അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു. അമ്മയും അയൽവാസികളും ചെറുത്തുനിന്നതിനാൽ കുട്ടിയെ രക്ഷപ്പെടുത്താനായി. പരിക്കേറ്റ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തോട്ടത്തിലെ തൊഴിലാളികളായ ഗുരുസ്വാമിയുെടയും നാഗജ്യോതിയുടെയും മകൻ ദീക്ഷിതനാണ് പരിക്കേറ്റത്. പ്രദേശത്തെ പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.വ്യാഴാഴ്ച വൈകീട്ട് സ്കൂളിൽനിന്നെത്തിയ കുട്ടി വീടിന്റെ വാതിൽക്കൽ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത്, കുറ്റിക്കാട്ടിൽനിന്ന് പുറത്തേക്കു ചാടിയ പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു. പുലി കുട്ടിയെ കടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അമ്മ പിടിവിട്ടില്ല. അമ്മയുടെ നിലവിളികേട്ടെത്തിയ അയൽവാസികൾ വടിയുമായി നേരിട്ടതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു.

കുട്ടിയുടെ തലയുടെ പിന്നിലും മുഖത്തിന്റെ വലതുഭാഗത്തും ഗുരുതരമായി പരിക്കേറ്റു. വാൽപ്പാറ സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയശേഷം പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്കും പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

വാൽപ്പാറയിൽ അടുത്തിടെ പുലിയുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ജനകീയസമരം ശക്തമായതിനെത്തുടർന്ന് ജില്ലാഭരണകൂടം ഇടപെട്ട് സുരക്ഷാനടപടികൾ സ്വീകരിച്ചിരുന്നു.