‘സംതിങ് റോങ്, സോ നോ കമന്റ്‌സ്’; പിണറായിക്ക് സംരക്ഷണമൊരുക്കാൻ സിപിഐ ഇല്ല; പ്രതിരോധത്തിൽ പ്രതിപക്ഷം

#ബിജു പരവത്ത്
പിണറായി വിജയൻ, ബിനോയ് വിശ്വം | Photo: മാതൃഭൂമി, PTI
പിണറായി വിജയൻ, ബിനോയ് വിശ്വം | Photo: മാതൃഭൂമി, PTI

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി. റിപ്പോർട്ടിലെ അന്വേഷണത്തിൽ സംരക്ഷണമൊരുക്കാൻ സി.പി.എമ്മിനൊപ്പം ഇടതുമുന്നണിയില്ല. മാസപ്പടിക്കേസ് ഒരു കമ്പനിയുടെ കേസാണെന്നും അത് രാഷ്ട്രീയ വിഷയമല്ലെന്നുമുള്ള നിലപാടാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടിയിൽ പങ്കുവെച്ചത്. ഈ നിലപാടിൽ മാറ്റം വരുത്തേണ്ടെന്നും കേസിന്റെ ഗതിനോക്കി തുടർനടപടി തീരുമാനിക്കാമെന്നുമാണ് സി.പി.ഐ.യിലെ ധാരണ. ‘സംതിങ് റോങ്, സോ നോ കമന്റ്‌സ്’ എന്നായിരുന്നു ഒരു മുതിർന്ന സി.പി.ഐ. നേതാവിന്റെ പ്രതികരണം.

എന്നാൽ, സർക്കാരിനെ പ്രതിരോധത്തിൽ നിർത്തേണ്ട ഘട്ടത്തിൽ സി.പി.എം. പ്രതിപക്ഷത്തെ ദുർബലമാക്കുകയാണെന്ന അഭിപ്രായം എൽ.ഡി.എഫ്. കക്ഷികൾക്കുണ്ട്. അതേസമയം, ഇ.ഡി. കേസും അന്വേഷണവും രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷപാർട്ടികളെല്ലാം ഒരേപോലെ അംഗീകരിക്കുന്നുണ്ട്. മാസപ്പടിക്കേസിലും അനുബന്ധമായിവന്ന ഹവാല ഇടപാടുകളിലും നിലപാട് പറയാൻ മാത്രമുള്ള വ്യക്തത ഉണ്ടായിട്ടില്ലെന്നാണ് മുന്നണിനേതാക്കൾ പറയുന്നത്.

അതിന് അവർ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. കേസിൽ രാഷ്ട്രീയപ്രതിരോധം തീർക്കാൻ സി.പി.എം. തീരുമാനിച്ചെങ്കിലും ആരോപണം നേരിടുന്ന പ്രധാനവ്യക്തിയായ ടി. വീണ ഇനിയും വിശദീകരണം നൽകിയിട്ടില്ല. വീണയിൽനിന്ന് ഡയറി പിടിച്ചെടുത്തെന്നത് മുഹമ്മദ് റിയാസ് അടക്കം നിഷേധിച്ചിട്ടില്ല. ഇ.ഡി. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മൊഴിയെടുപ്പിച്ചതെന്ന് പറയുന്നവർ, മൊഴിയെടുത്ത ഘട്ടത്തിലൊന്നും ഇത്തരം പരാതി പറഞ്ഞിട്ടില്ല. ഈ സാഹചര്യം നിലനിൽക്കുമ്പോൾ എൽ.ഡി.എഫിലെ കക്ഷികളാണെങ്കിലും തിടുക്കപ്പെട്ട് നിലപാടെടുക്കേണ്ടതില്ലെന്നാണ് നേതാക്കൾ പറയുന്നത്.

പ്രതിപക്ഷം പ്രതിരോധത്തിൽ

സി.പി.എം.-സി.പി.ഐ. തർക്കവും സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നവും ഇടതുമുന്നണിയെയും ബാധിച്ചിട്ടുണ്ട്. 100 ദിവസം പിന്നിട്ട സർക്കാരിനെതിരേ പ്രസ്താവനാ യുദ്ധത്തിനപ്പുറം മറ്റൊന്നും മുന്നണിക്ക് ഉയർത്തിക്കൊണ്ടുവരാനായിട്ടില്ല. ഇതിന്റെ ആനുകൂല്യവും സുഖവും അനുഭവിക്കുന്നത് സർക്കാരും യു.ഡി.എഫുമാണ്. ആ സർക്കാരിന്റെ കൈയിലേക്കാണ് പ്രതിപക്ഷനേതാവിനും അദ്ദേഹത്തിന്റെ മകൾക്കും മരുമകനും എതിരേയുള്ള തെളിവുകൾ ഇ.ഡി. നൽകിയത്.

Content Highlights: CPI decides not to provide political protection to Pinarayi Vijayan and family regarding the ED report., LDF allies feel CPI(M) is weakening the opposition when the government should be cornered., Questions raised over lack of public explanation from T. Veena regarding the allegations and ED probe.