എൽ.ഡി.എഫ്. 75-80 സീറ്റ്‌ നേടുമെന്ന് സി.പി.എം.

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: Facebook/ CPIM Kerala
പ്രതീകാത്മക ചിത്രം | Photo: Facebook/ CPIM Kerala

തിരുവനന്തപുരം: എൽ.ഡി.എഫ്. 75-80 സീറ്റിൽ വിജയിച്ച് തുടർഭരണമുണ്ടാവുമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി തുടർന്നുള്ള ഗൃഹസന്ദർശനങ്ങളിലൂടെയും മേഖലാജാഥകളിലൂടെയും മറികടക്കാനായി. ബി.ജെ.പി. ഭീഷണിയായി ഉയർന്നിട്ടുള്ള മണ്ഡലങ്ങളിൽ അവരെ പരാജയപ്പെടുത്താനുള്ള സാധ്യത മുൻനിർത്തി ന്യൂനപക്ഷവോട്ടുകൾ എൽ.ഡി.എഫിലേക്കും ഒഴുകിയിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.

ഡീൽ ഉൾപ്പെടെയുള്ള പ്രചാരണങ്ങളും വിവാദങ്ങളുമൊക്കെ ക്ഷേമപെൻഷൻ, വീട്ടമ്മമാർക്ക് ആയിരം രൂപ, അതിദാരിദ്ര്യനിർമാർജനം, കിഫ്ബി പദ്ധതികൾ തുടങ്ങിയ വികസനം ഉയർത്തിക്കാട്ടി മറികടക്കാനായി. വയനാട് ദുരന്ത പുനരധിവാസ പദ്ധതിയും കോൺഗ്രസ് പണപ്പിരിവ് നടത്തി വീട്‌ നിർമിച്ചുനൽകാത്തതുമൊക്കെ വോട്ടർമാർക്കിടയിൽ ചർച്ചയാക്കാൻ എൽ.ഡി.എഫിനായി.

ഏതാനും സീറ്റ്‌ നഷ്ടപ്പെടാമെങ്കിലും സിറ്റിങ് എം.എൽ.എ.മാരുടെ മികച്ച പ്രകടനം വിജയസാധ്യതയിലേക്കുനയിക്കും. എസ്.ഐ.ആറിനുശേഷം 94 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞന്നും വിലയിരുത്തി.

കുംഭമേളാതാരത്തിന്റെ വിവാഹം: പോയത് ആശംസകൾ നേരാൻ -എം.വി. ഗോവിന്ദൻ

: കുംഭമേളാതാരത്തിന്റെ വിവാഹം യഥാർഥ കേരള സ്റ്റോറിയാണെന്നതിൽ സംശയമില്ലെന്നും ഇപ്പോഴത്തെ വിവാദത്തിനുപിന്നിൽ സംഘപരിവാറാണെന്നും സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

രണ്ടുമതവിഭാഗങ്ങളിലുള്ള ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിച്ചു. അതിനുള്ള അന്തരീക്ഷം കേരളത്തിലായതിനാൽ അവർ ഇവിടേക്കുവന്നു. ആശംസ അറിയിക്കാനാണ് ഞങ്ങളവിടെ പോയത്. ഇതുപോലുള്ളവ ഞങ്ങൾ പ്രോത്സാഹിപ്പിക്കും. രേഖകൾ വ്യാജമെങ്കിൽ പോലീസ് അന്വേഷിച്ചോട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.

Content Highlights: CPM projects 75-80 seats for LDF in 2026., Welfare schemes like pension and KIIFB cited as key success factors., Minority vote consolidation against BJP noted., MV Govindan defends interfaith marriage attendance as secular promotion., Strategic focus on rehabilitation projects and anti-incumbency mitigation.