പി.എസ്.സി. ക്രമക്കേട്; ന്യായീകരണത്തിന് സിപിഎം ഒറ്റയ്ക്ക്, ഏറ്റെടുക്കാൻ മടിച്ച് എൽഡിഎഫ് ഘടകക്ഷികൾ

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: പി.എസ്.സി. ക്രമക്കേടിൽ സർക്കാരിനെതിരെയുള്ള രാഷ്ട്രീയസമരം ഏറ്റെടുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത. പി.എസ്.സി.യുടെ വിശ്വാസ്യത ചോദ്യം ചെയ്യും വിധമുള്ള പ്രവർത്തനം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായെന്ന വിലയിരുത്തലാണ് സി.പി.ഐ. അടക്കമുള്ള കക്ഷികൾക്കുള്ളത്. അതുകൊണ്ട് ഭരണഘടനാ സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന സി.പി.എമ്മിന്റെ ആരോപണം മുന്നണിയിലെ മറ്റുകക്ഷികൾ ഏറ്റെടുക്കാൻ മടിക്കുകയാണ്.

പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് കാണിച്ച് മുൻഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയെ ഇടതുമുന്നണിയിലെ എല്ലാകക്ഷികളും എതിർക്കുന്നുണ്ട്. ആ എതിർപ്പ് നിലനിർത്തുമ്പോൾ തന്നെ പി.എസ്.സി.യെ ന്യായീകരിക്കാനുള്ള സി.പി.എം. പ്രചരണരീതിയോട് അവർ മുഖംതിരിക്കുകയാണ്. നവംബർ ആദ്യം എൽ.ഡി.എഫ്. യോഗം ചേരാൻ തത്ത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിനെതിരെയുള്ള സമര-പ്രചരണ പരിപാടികൾ തയ്യാറാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യമായി സി.പി.എം. നിശ്ചയിച്ചിട്ടുള്ളത്. പി.എം.ശ്രീ, ലേബർകോഡ് തുടങ്ങിയ വിഷയങ്ങളിലെല്ലാം സർക്കാരിനെതിരെ സമരം ഉയർത്തിക്കൊണ്ടു വരണമെന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

അതിനാൽ പ്രതിപക്ഷഉപനേതാവ് പദവി സംബന്ധിച്ച തർക്കം മാറ്റിവെച്ച് ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ.പങ്കെടുക്കും. പി.എസ്.സി. തട്ടിപ്പ്, കിഫ്ബിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ എന്നിവയിൽ സി.പി.എം. നിലപാടിനോട് യോജിക്കാനാവില്ലെന്ന നിലപാടാണ് സി.പി.ഐ. നേതാക്കൾക്കുള്ളത്. ഈ വിഷയത്തിൽ മാത്രമായി സമരം സംഘടിപ്പിച്ചാൽ പങ്കാളിയാകേണ്ടെന്നാണ് സി.പി.ഐ.യിലെ ധാരണ. പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള ഇ.ഡി.-വിജിലൻസ് അന്വേഷണത്തിൽ സി.പി.എമ്മിനൊപ്പം നിൽക്കാൻ മുന്നണിയിലെ മറ്റുകക്ഷികളാരും തയ്യാറായിട്ടില്ല.