ആ ഗാനം നിലച്ചത് രണ്ടുവരികള്‍ ബാക്കിനില്‍ക്കെ ..

ആലപ്പുഴ : യേശുദാസിന്റെയും മുഹമ്മദ് റഫിയുടെയും പാട്ടുകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ അനുഗൃഹീത ഗായകന്‍, ഗാനമേളകളെ ജനകീയമാക്കിയ പ്രതിഭ, വിദേശത്തുനിന്നുള്ള ആധുനിക സംഗീതോപകരണങ്ങളാല്‍ ഗാനമേളവേദികളില്‍ പുതുമയൊരുക്കിയ കലാകാരന്‍... ഇടവ ബഷീറിന് ഏറെയുണ്ട് വിശേഷണങ്ങള്‍.
ആലപ്പുഴ ബ്‌ളൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ ആദ്യകാല ഗായകന്‍ അതേ സംഗീത ട്രൂപ്പിന്റെ സുവര്‍ണജൂബിലി ആഘോഷവേദിയില്‍ പാടിക്കൊണ്ടിരിക്കെയാണ് ലോകത്തോടു വിടപറഞ്ഞത്. യേശുദാസ് ആലപിച്ച 'മാനാ ഹോ തും...' എന്ന ഹിന്ദിഗാനത്തിന്റെ അവസാനത്തെ പല്ലവി പാടിത്തീരാന്‍ രണ്ടുവരി ബാക്കിനില്‍ക്കെയാണ് കുഴഞ്ഞുവീണത്.
പാടിക്കൊണ്ടിരിക്കെ ഇടവ ബഷീര്‍ കണ്‍മുന്നില്‍ മരിച്ച ഞെട്ടലിലാണ് ഗായകന്‍ സുദീപ്കുമാര്‍. ബ്ലൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ 'മെഗാ സ്റ്റാര്‍ മ്യൂസിക് നൈറ്റ്' ഗാനമേളയില്‍ ഒപ്പം പാടാനെത്തിയതാണ് സുദീപ്കുമാര്‍. അടുത്ത ഗാനം ആലപിക്കേണ്ടതു താനായിരുന്നതിനാല്‍ സ്റ്റേജില്‍ ബഷീര്‍ പാടുന്നതു നോക്കിയിരിക്കുകയായിരുന്നുവെന്ന് സുദീപ്കുമാര്‍ മാതൃഭൂമിയോടു പറഞ്ഞു.
ഗാനമേള ട്രൂപ്പിലുണ്ടായിരുന്ന നഴ്‌സും ഗാനമേള കാണാന്‍ എത്തിയവരിലുണ്ടായിരുന്ന ഡോക്ടറും ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ മരണം സ്ഥിരീകരിച്ചതു നടുക്കത്തോടെയാണു കേട്ടത്.
'മൂന്നുവര്‍ഷം കൂടിയാണ് ബഷീറിക്കായെ കാണുന്നത്. പരിപാടിക്കുമുന്‍പ് ഏറെനേരം സംസാരിച്ചു. ബൈപ്പാസ് സര്‍ജറി കഴിഞ്ഞതും മകനൊപ്പം ദുബായിലായിരുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലായിരുന്നതുമെല്ലാം പറഞ്ഞു.
സംവിധായകന്‍ ഫാസില്‍ പരിപാടിയുടെ ഉദ്ഘാടനം വിളക്കുതെളിച്ചു നടത്തിയശേഷം ഞാനും ബഷീറിക്കായും ചേര്‍ന്നാണ് തിരികളിലൊന്നു തെളിച്ചത്. സുവര്‍ണജൂബിലി ആഘോഷവേദിയില്‍ ആദ്യകാല ഗായകരെയെല്ലാം പ്രത്യേകം ക്ഷണിച്ചിരുന്നു.
വേദിയില്‍ മരിക്കുന്നത് കലാകാരനെ സംബന്ധിച്ചു ഭാഗ്യമാണെങ്കിലും ഈ വിയോഗം താങ്ങാനാവുന്നതല്ല'- 30 വര്‍ഷം മുന്‍പ് ബ്‌ളൂ ഡയമണ്ട്‌സില്‍ പാടിത്തുടങ്ങിയ സുദീപ്കുമാര്‍ പറഞ്ഞു. ബഷീറിന്റെ മരണത്തെത്തുടര്‍ന്ന് ആഘോഷപരിപാടി നിര്‍ത്തിവെച്ചു. മൃതദേഹം ശനിയാഴ്ച രാത്രി കൊല്ലത്തേക്കു കൊണ്ടുപോയി.
Content Highlights: last moments of singer idava basheer