വർക്കല പാപനാശം കുന്നുകൾ വൻതോതിൽ ഇടിയുന്നു; നടപടിയില്ല, നോക്കുകുത്തിയായി ഭരണകൂടം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വർക്കല ഫോർമേഷന്റെ ഭാഗമായ പാപനാശം കുന്നുകൾ വീണ്ടും ഇടിഞ്ഞു. ഏണിക്കൽ ബീച്ചിനും ആലിയിറക്കം ബീച്ചിനും ഇടയിലായി നാലിടങ്ങളിലാണ് കുന്നിടിഞ്ഞത്. കഴിഞ്ഞദിവസം വൈകിട്ടും വ്യാഴാഴ്ച രാവിലെയുമായാണ് ഈ ഭാഗങ്ങളിൽ കുന്നിടിച്ചിൽ ഉണ്ടായത്.
കുന്നിന്റെ ഭാഗങ്ങൾ അടർന്ന് ഏതാണ്ട് 30 മീറ്ററോളം താഴേക്ക് പതിച്ചു. മഴ ശക്തമാകുന്നതോടെ ഇനിയും വലിയൊരുഭാഗം അടർന്നുവീഴാവുന്ന നിലയിലാണ്. നിലവിൽ 15 മീറ്ററിലധികം വീതിയിലും മൂന്ന് മുതൽ എട്ട് മീറ്റർ വീതിയിലുമാണ് കുന്നിടിഞ്ഞിരിക്കുന്നത്. കൊല്ലം നിരകളിൽന്ന് വർക്കല ഫോർമേഷന്റെ ഫേസ് ഒന്നായ ഇടവ വെറ്റക്കട കുന്നുകൾ കഴിഞ്ഞ ദിവസം ഉച്ചയോടെ ഇടിഞ്ഞിരുന്നു.
മഴയേയും കാറ്റിനെയും പ്രതിരോധിക്കാൻ ശേഷിയില്ലാതെ കുന്നുകൾ തകർച്ച ഭീഷണി നേരിടുകയാണ്. മുൻ വർഷങ്ങളിൽപോലും ഇത്രയും വ്യാപ്തിയിൽ കുന്നിടിഞ്ഞിട്ടില്ല. റിസോർട്ടുകളിൽ 5000 രൂപ മുതൽ 10,000 രൂപയ്ക്ക് മുകളിൽവരെ വാടകയുണ്ട്. അവധിക്കാലവും ഹണിമൂണും ഒക്കെ ആഘോഷിക്കാൻ ആയിരങ്ങളാണ് നിത്യേന വർക്കലയിൽ എത്തുന്നത്. എന്നാൽ, ഇവർ ഇവിടെ പതിയിരിക്കുന്ന അപകടത്തേക്കുറിച്ച് ചിന്തിക്കുന്നില്ല.
കുന്നുകൾ തുരന്ന് തുരങ്കങ്ങളും നിർമ്മിച്ചിട്ടുണ്ട്. കുന്നിനോട് ചേർന്ന് അഞ്ച് മീറ്റർ പോലും ദൂരപരിധി ഇല്ലാതെ സ്വിമ്മിങ് പൂളുകളും കുന്നിൻ മുകളിൽനിന്ന് താഴേയ്ക്ക് ഇറങ്ങുന്നതിന് പലയിടങ്ങളിലായി പത്തിലധികം പടിക്കെട്ടുകളും നിർമ്മിച്ചിട്ടുണ്ട്. ഇതിലൂടെ സഞ്ചാരികൾക്ക് തീരത്തേയ്ക്ക് എത്താം. മുളകളും ഇരുമ്പ് കമ്പികളും സിമന്റും ഒക്കെ ഉപയോഗിച്ചുള്ള അനധികൃത നിർമാണങ്ങൾ കുന്നുകൾക്ക് ഭിഷണിയായിട്ടുണ്ട്. കടൽക്കാഴ്ചകൾ കാണാൻ കുന്നിൻചെരുവിലേക്ക് നീളുന്ന പ്രത്യേക ഭാഗം ഇരുമ്പ് കമ്പികൾകൊണ്ട് നിർമ്മിച്ചതാണ്. അപകടസാധ്യത വർധിപ്പിക്കുന്ന ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ കണ്ടിട്ടും പ്രാദേശിക ഭരണകൂടം കണ്ണടയ്ക്കുന്നു.
വഷയത്തിൽ ടൂറിസം വകുപ്പ് യാതൊരു ഇടപെടലും നടത്തുന്നില്ല. ദുരന്തം സംഭവിക്കുമ്പോൾ മാത്രം നടപടികൾ എടുക്കാൻ തയ്യാറാവുകയും പിന്നീട് എല്ലാം വിസ്മരിക്കുകയും ചെയ്യുന്നതാണ് വർഷങ്ങളായുള്ള പതിവ്. ജില്ലാ കളക്ടർക്കും ടൂറിസം ഡയറക്ടർക്കും കാലാകാലങ്ങളായി നിരവധി പ്രകൃതിസ്നേഹികൾ പരാതികൾ നൽകിയിട്ടുണെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.
വർക്കലയിലെ ടൂറിസം വികസനത്തോടൊപ്പം അനധികൃത നിർമ്മാണങ്ങളും വൻതോതിൽ വർധിച്ചു. തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ യഥാസമയം അധികൃതർ തടഞ്ഞിരുന്നുവെങ്കിൽ ഇത്തരത്തിൽ കുന്നിടിച്ചിൽ ഉണ്ടാകുമായിരുന്നില്ല. ഭൗമശാസ്ത്രജ്ഞർ വർഷങ്ങളായി ഗവേഷണം നടത്തുകയും അവസാദശിലകളാലും ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ സംരക്ഷിക്കപ്പെടെണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ നൽകുകയും ചെയ്തിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ രീതിയിൽ നടപടികൾ കൈക്കൊണ്ടിട്ടില്ല.
അനധികൃത നിർമ്മാണത്തിന് രാഷ്ട്രീയ പാർട്ടികളുടേയും ഒത്താശയുണ്ട്. ഉദ്യോഗസ്ഥതലത്തിലും സ്വാധീനം ചെലുത്തിയാണ് നിർമ്മാണങ്ങൾ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നോർത്ത് സൗത്ത് ക്ലിഫുകൾ പൂർണ്ണമായും ബിസിനസ് മേഘലയായി മാറി. സർക്കാരിന് നികുതി ഇനത്തിൽ ഇവയിൽനിന്ന് കിട്ടുന്നത് തുലോം തുച്ഛമായ വരുമാനമാണ്. എന്നാൽ, ഇത്തരത്തിൽ വലിയ നിക്ഷേപംനടത്തി പ്രകൃതിയുടെ സ്വഭാവികത ഇല്ലാതാക്കുകയാണ് ഒരുകൂട്ടർ ചെയ്യുന്നതെന്നും ആരോപണമുയരുന്നുണ്ട്.