കിറ്റക്‌സ് തൊഴിലാളി ക്യാമ്പില്‍ ലേബര്‍ കമ്മിഷണറുടെ പരിശോധന; ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത

കൊച്ചി: കിഴക്കമ്പലത്തെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കിറ്റക്‌സിന്റെ തൊഴിലാളി ക്യാമ്പുകളില്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധന. വനിതാജീവനക്കാരുടെ ഹോസ്റ്റലിലും പരിശോധന നടത്തി. അതേസമയം അക്രമത്തില്‍ പങ്കെടുത്ത കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ബുധനാഴ്ചയുണ്ടാകുമെന്നാണ് സൂചന.
രാവിലെ ഒന്‍പതര മുതലാണ് ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. ഏകദേശം മൂന്നരമണിക്കൂര്‍ പരിശോധന നീണ്ടുനിന്നു. തൊഴിലാളികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായി ലേബര്‍ കമ്മിഷണര്‍ എസ്. ചിത്ര മാധ്യമങ്ങളോടു പ്രതികരിച്ചു.
വനിതാ ഹോസ്റ്റലിലും പുരുഷന്മാര്‍ താമസിക്കുന്ന, സംഘര്‍ഷമുണ്ടായ ക്യാമ്പുകളിലും നേരിട്ടെത്തിയാണ് മൊഴി ശേഖരിച്ചത്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും ലേബര്‍ കമ്മിഷണര്‍ വ്യക്തമാക്കി. തൊഴില്‍ സാഹചര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചിരുന്നു.
കിറ്റക്‌സ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കൂടുതല്‍ അറസ്റ്റുകള്‍ ബുധനാഴ്ചയുണ്ടാകുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം, സംഘര്‍ഷമുണ്ടായ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
content highlights: Labour Commissioner Inspection in Kitex Labour Camp
Content Highlights: