മലപ്പുറത്ത് ബസ് സ്റ്റാൻഡിൽ ഭിക്ഷാടകർ ഏറ്റുമുട്ടി; തടയാനെത്തിയ നാട്ടുകാർക്കും പരിക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: mathrubhumi
പ്രതീകാത്മക ചിത്രം | Photo: mathrubhumi

കുറ്റിപ്പുറം(മലപ്പുറം): കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിന് സമീപത്തെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കംഫർട്ട് സ്റ്റേഷനകത്തും പുറത്തും ഭിക്ഷാടനക്കാർ തമ്മിൽ ഏറ്റുമുട്ടി. തടയാനെത്തിയ നാട്ടുകാർക്കും പരിക്കേറ്റു.

ഞായറാഴ്ച വൈകീട്ടാണ്‌ ഭിക്ഷാടനമാഫിയയിലുള്ളവർ പരസ്പരം ഏറ്റുമുട്ടിയത്. മദ്യപിച്ച് അക്രമാസക്തനായ ഇതര സംസ്ഥാനക്കാരനെക്കണ്ട്‌ പേടിച്ചോടിയത് നിരവധി യാത്രക്കാരാണ്. അന്ധതയുടെ മറവിൽ കൈയിലുണ്ടായിരുന്ന വടി വീശിയാണ് ഇയാൾ അക്രമസ്വഭാവം കാണിച്ചത്.

അക്രമം തടയാൻ എത്തിയ നാട്ടുകാർക്ക് നേരരേയും ഇയാൾ അക്രമം അഴിച്ചുവിട്ടു. സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലീസാണ് ഭിക്ഷാടകരെ തുരത്തിയത്. കംഫർട്ട് സ്റ്റേഷൻ കരാറെടുത്ത ആളോട് സ്റ്റേഷനിലെത്താൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി കംഫർട്ട് സ്റ്റേഷൻ ഭിക്ഷാടന മാഫിയയുടേയും സമൂഹവിരുദ്ധരുടേയും താവളമാണ്.

പരിക്കുപറ്റിയ നാട്ടുകാർ പോലീസിനും പഞ്ചായത്തിനും പരാതി നൽകുമെന്ന് അറിയിച്ചു. കരാറുകാരൻ കംഫർട്ട് സ്റ്റേഷൻ നടത്തിപ്പ് ഭിക്ഷാടന മാഫിയയ്ക്ക് മറിച്ചുവിറ്റതായാണ് നാട്ടുകാരുടെ ആരോപണം. ഭിക്ഷാടകരുടേയും സാമൂഹവിരുദ്ധരുടേയും താവളമായി കംഫർട്ട്സ്റ്റേഷൻ മാറിയതിനാൽ യാത്രക്കാർക്ക് സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Content Highlights: Violent clash between beggars at Kuttippuram bus stand`s comfort station injures locals trying to intervene. Police cleared the area.