റോഡിൽവീണ ഹെൽമെറ്റ് എടുക്കാൻ പെട്ടെന്ന് നിർത്തി; ലോറി ഇടിച്ചുകയറി ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

മാസിന്‍ അബ്ബാസ്, വിദ്യ വിജയന്‍
മാസിന്‍ അബ്ബാസ്, വിദ്യ വിജയന്‍

കുതിരാന്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറ് വഴുക്കുംപാറ അടിപ്പാതയ്ക്കു മുകളില്‍ റോഡില്‍ ഹെല്‍മെറ്റ് വീണപ്പോള്‍ പെട്ടെന്ന് നിര്‍ത്തിയ ബൈക്കിനു പിറകില്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എറണാകുളം കലൂര്‍ ''എംപയര്‍'' അപ്പാര്‍ട്ട്‌മെന്റില്‍ നെടുമ്പുരയ്ക്കല്‍ വീട്ടില്‍ മാസിന്‍ അബ്ബാസ് (36), സഹയാത്രിക ആലപ്പുഴ പടനിലം നൂറനാട് നടുവിലേമുറി തച്ചന്റെ കിഴക്കേതില്‍ വിദ്യ വിജയന്‍ (38) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതിന് പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുന്ന പാതയിലാണ് അപകടം.

ഹെല്‍മെറ്റ് ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്തി. ഈ സമയം പിറകില്‍ വന്ന പാല്‍ലോറി ബൈക്കിലേക്ക് ഇടിച്ചുകയറി. ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ട് യാത്രക്കാരും ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ദേശീയപാത വിഭാഗത്തിന്റെ ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.


 

Content Highlights: Two people died after a lorry hit their bike which had stopped suddenly on NH 966