യുദ്ധക്കെടുതിയിൽ ഗൾഫിലെ ജോലി നഷ്ടമായി, നാട്ടിലെത്തിയ ഉടൻ ആത്മഹത്യ, കുടുംബത്തേയും ഒപ്പംകൂട്ടി

#സ്വന്തം ലേഖകൻ
മരിച്ച സിബിയും മകള്‍ അലീനയും, സിബിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലെ കിണര്‍
മരിച്ച സിബിയും മകള്‍ അലീനയും, സിബിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലെ കിണര്‍

കുന്നംകുളം: കുന്നംകുളത്തെ നാലംഗ കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തിയത് ഗൃഹനാഥൻ ഗൾഫിൽനിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ. പഴഞ്ഞി അരുവായിൽ മടക്കനാക്കൽ വീട്ടിൽ സിബിയും കുടുംബവുമാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇതിൽ സിബി(50)യും മകൾ അലീന(18)യും മരിച്ചിരുന്നു. ഭാര്യ ബീന (40), മകൻ അദിത്യൻ (18) എന്നിവരെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. നാലുപേരും വിഷം കഴിച്ചാണ് ആദ്യം ആത്മഹത്യക്ക് ശ്രമിച്ചത്. സിബിയെ വീട്ടു കിണറ്റിലും അമ്മയെയും മകളെയും വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. വിഷംകഴിച്ചിട്ട് മരിക്കാതായതോടെ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിഷംകഴിച്ച് അത്യാസന്ന നിലയിലായ മകൻ ആദിത്യനാണ് തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്.

കുന്നംകുളം ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോലീസ് ജീപ്പിലാണ് അത്യാസന്നനിലയിലായവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഖത്തറിൽ ഡിസൈനറായി ജോലിചെയ്തിരുന്ന സിബി യുദ്ധക്കെടുതിയിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെയാണ് നാട്ടിൽ തിരിച്ചെത്തിയത്. 'ജീവിതം മതിയായി ഞങ്ങൾ ആത്മഹത്യ ചെയ്യുന്നു' എന്നെഴുതി വെച്ച മരണക്കുറിപ്പും വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: A family of four attempted suicide in Pazhanji, Kunnamkulam., The father, Sibi, and his daughter, Aleena, passed away., The mother and son are currently in critical condition at Thrissur Medical College., The incident occurred shortly after the father returned from Qatar due to job loss., A suicide note was discovered by local police at the scene.