കുമ്പളത്തെ 'ഫ്രീ' യാത്രയ്ക്ക് വാട്സാപ്പ് ഐ.ഡി.; കാർ യാത്രക്കാരന് എം.വി.ഡി.യുടെ 'ശിക്ഷാ ക്ലാസ്'

കുമ്പളം ടോൾ പ്ലാസ | ഫോട്ടോ : മാതൃഭൂമി
കുമ്പളം ടോൾ പ്ലാസ | ഫോട്ടോ : മാതൃഭൂമി

കാക്കനാട്: ദേശീയപാതയിലെ കുമ്പളം ടോൾ പ്ലാസയിലൂടെ പണമടയ്ക്കാതെ കടന്നുപോകാൻ വ്യാജ മൊബൈൽ ഐ.ഡി. കാർഡുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. പ്രദേശവാസിയായ ബന്ധുവിന്റെ തിരിച്ചറിയൽ കാർഡിന്റെ ചിത്രം വാട്‌സാപ്പിലൂടെ ഫോണിലാക്കി ടോൾ ജീവനക്കാരെ പറ്റിക്കാൻ ശ്രമിച്ച യുവാവാണ് ഒടുവിൽ മോട്ടോർ വാഹനവകുപ്പിന്റെ പിടിയിലായത്.

കുമ്പളം ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് ടോൾ നൽകാതെ കടന്നുപോകാൻ ഇളവുണ്ട്.പ്രദേശവാസികളാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ കാണിച്ചാൽ മതി. ഈ ആനുകൂല്യം മുതലെടുക്കാനാണ് ചില യാത്രക്കാർ പുതിയ മാർഗം കണ്ടെത്തിയത്. കുമ്പളത്തുള്ള പ്രദേശവാസികളുടെ ആധാർകാർഡോ ലൈസൻസോ വാട്‌സാപ്പിൽ ഫോട്ടോയായി വാങ്ങി മൊബൈലിൽ സൂക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത്. ടോൾപ്ലാസയിൽ എത്തുമ്പോൾ മൊബൈലിലെ ഈ ചിത്രം ജീവനക്കാരെ കാണിച്ച് കടന്നുപോകും. ഡിജിറ്റൽ രേഖകൾ വ്യാപകമായതിനാൽ ജീവനക്കാർ സംശയിച്ചിരുന്നില്ല.

എന്നാൽ, കഴിഞ്ഞദിവസം എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് കാറിൽപോയ യുവാവിന് ഈ തന്ത്രം പിഴച്ചു. ടോൾപ്ലാസയിൽ എത്തിയ യുവാവ് കുമ്പളം സ്വദേശിയായ ബന്ധുവിന്റെ ഐ.ഡി. കാർഡ് ഫോണിൽ കാണിച്ചു. കാർഡിലെ ഫോട്ടോയും യുവാവിന്റെ പ്രായവും തമ്മിൽ വ്യത്യാസം തോന്നിയ ജീവനക്കാർക്ക് സംശയം ജനിച്ചു. ജീവനക്കാരൻ കാർഡിലുള്ള ജനനത്തീയതി ചോദിച്ചതോടെ യുവാവ് പരുങ്ങി. യുവാവ് പരസ്പരവിരുദ്ധമായി സംസാരിക്കാൻ തുടങ്ങിയതോടെ ജീവനക്കാർ കാറിന്റെ ചിത്രം പകർത്തിയശേഷം വാഹനം കടത്തിവിടുകയും വിവരം മോട്ടോർ വാഹന വകുപ്പിന് കൈമാറുകയും ചെയ്തു.

വിവരമറിഞ്ഞ എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ്‌കുമാർ യുവാവിനെ വിളിച്ചുവരുത്തി. ഒരു തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു യുവാവിന്റെ വിശദീകരണം.എന്നാൽ ടോൾ വെട്ടിപ്പ് ഗൗരവമേറിയ കുറ്റമാണെന്ന് ബോധ്യപ്പെടുത്താൻ മോട്ടോർ വാഹനവകുപ്പ് യുവാവിനെ നിർബന്ധിത ബോധവത്കരണ ക്ലാസിന് വിധേയനാക്കി. പ്രദേശവാസികൾക്ക് നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്താൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Content Highlights: A young driver attempting to evade the Kumbalam toll fee by presenting a relative's identity card via WhatsApp was caught by alert toll staff and subsequently penalised with mandatory awareness classes by the Motor Vehicle Department.