'കുഫോസിന് യു.ജി.സി. ചട്ടം ബാധകമല്ല'; വി.സി. നിയമനം റദ്ദാക്കിയതിനെതിരെ റിജി ജോണ്‍ സുപ്രീം കോടതിയില്‍

കെ. റിജി ജോണ്‍ (വലത്ത്)
കെ. റിജി ജോണ്‍ (വലത്ത്)

ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവു വഴി പുറത്തായ ഫിഷറീസ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ. റിജി ജോണ്‍ സുപ്രീംകോടതിയില്‍. വി.സി. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ റിജി ജോണ്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 

കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് യുജിസി ചട്ടം ബാധകം അല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നവംബര്‍ 25 ന് ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചേക്കും.

2018-ലെ യുജിസി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച്‌ കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാൻസലർ ആയി നിയമിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എന്നാൽ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാർഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന ലിസ്റ്റിൽ പെട്ടവയാണ്. അതിനാൽ ഫിഷറീസ് സർവ്വകലാശാലക്ക് യുജിസി ചട്ടം ബാധകമല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1998,2010, 2018 വര്ഷങ്ങളിലെ യുജിസി ചട്ടങ്ങളുടെ പരിധിയിൽനിന്ന് കാർഷിക സർവകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും റിജി ജോൺ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമക്കായിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കുഫോസ് വി.സി. സ്ഥാനത്തുനിന്ന് റിജി ജോണിനെ പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചത്. യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നിയമനം അസാധുവാക്കിയത്. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ. റിജി ജോണ്‍. യു.ജി.സി. നിര്‍ദേശിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയല്ല വൈസ് ചാന്‍സലറായി റിജി ജോണിനെ തിരഞ്ഞെടുത്തതെന്നും സെലക്ഷന്‍ കമ്മിറ്റി പാനലുകള്‍ ചാന്‍സലര്‍ക്ക് നല്‍കുന്നതിനു പകരം ഒറ്റപ്പേര് മാത്രമാണ് നല്‍കിയതെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. 

സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഇല്ലാത്തതും നിയമനം റദ്ദാക്കുന്നതിന് കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളിലേക്ക് യുജിസി തങ്ങളുടെ വിദ​ഗ്ധരെ അയക്കാറില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാലാണ് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിലെ വിദ​ഗ്ധരെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. വിദേശ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി ഉള്ള ഏക അപേക്ഷകൻ താൻ മാത്രമായിരുന്നു. അതിനാലാണ് തന്റെ പേര് മാത്രം സെർച്ച് കമ്മിറ്റി ചാൻസലർക്ക് കൈമാറിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിട്ടിട്ടുണ്ട്. അഭിഭാഷക ആനി മാത്യു ആണ് ഹർജി ഫയൽ ചെയ്തത്.

Content Highlights: kufos vc riji John appealed to the supreme court