ഗവർണറെ മറികടന്ന് സർക്കാർ; സാങ്കേതിക സർവകലാശാല വി.സി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപവത്കരിക്കുന്നു

.
.

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിയമന അധികാരിയായ ഗവര്‍ണറെ മറികടന്നുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. വി.സിമാരെ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. നിയമസഭ പാസ്സാക്കിയ രാഷ്ട്രപതി അംഗീകാരം തടഞ്ഞുവച്ചിട്ടുള്ള ബില്ലിലെ വ്യവസ്ഥകളനുസരിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ സേര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചത്.

അതേസമയം, പുതിയ നിയമക്കുരുക്കിലൂടെ വി.സി നിയമനം ഗവര്‍ണറുടെ കാലാവധി കഴിയുന്നതുവരെ നീട്ടുക എന്ന ലക്ഷ്യംവെച്ചാണ് ഉത്തരവെന്ന് ആരോപണമുണ്ട്.

കേരള വി.സി നിയമനത്തില്‍ നിയമാനുസരണം സേര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. യു.ജി.സിയുടെ 2018 റെഗുലേഷന്‍ പ്രകാരം യു.ജി.സി നോമിനിയേയും അക്കാദമിക് മേഖലയിലുള്ളവരെയും മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. അതനുസരിച്ച് ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപവത്കരിക്കുമെന്നത് കൊണ്ടാണ് സര്‍ക്കാര്‍ സ്വയം സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.

Content Highlights: KTU VC Appointment Kerala government Search committee over ruling Governor