സൗജന്യയാത്രയ്ക്ക് തയ്യാറെടുത്ത് വനിതകൾ; ഉദ്ഘാടനബസിലെ ഡ്രൈവർ വി.പി.ഷീല; ആദ്യ യാത്രയിൽ മുഖ്യമന്ത്രിയും

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ബസുകളിൽ തിങ്കളാഴ്ച സൗജന്യയാത്ര ആരംഭിക്കുകയാണ്. യാത്രയുടെ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. പ്രിയദർശിനി സൗജന്യയാത്രയോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ടെർമിനലുകളിലും ഉദ്ഘാടനപരിപാടികൾ നടക്കും. അതിനുശേഷമായിരിക്കും സൗജന്യയാത്രകൾ ആരംഭിക്കുക.
തിങ്കളാഴ്ച രാവിലെ 8.30-ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനുശേഷം തമ്പാനൂരിൽനിന്ന് നടത്തുന്ന ആദ്യസർവീസിൽ വനിതകൾക്കൊപ്പം ബസിൽ മുഖ്യമന്ത്രിയും യാത്ര നടത്തും. അതേസമയം, യാത്രക്കാർക്കിടയിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ ബസുകളിൽ പ്രിയദർശിനി സൗജന്യയാത്രയുടെ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. നഗരപരിധിയിൽ ഓടുന്ന സിറ്റി ഫാസ്റ്റ് ബസുകൾ തിരിച്ചറിയുവാൻ സിറ്റി ഫാസ്റ്റ് എന്നെഴുതിയ സ്റ്റിക്കറും പതിപ്പിക്കുന്നുണ്ട്. ടിക്കറ്റ് മെഷീനുകളുടെ പരിശോധനയും പൂർത്തിയായി. സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.
ടിക്കറ്റ് എടുക്കാത്തവരിൽനിന്ന് 500 രൂപ പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര.
കിഴക്കേക്കോട്ട ഡിപ്പോയിൽനിന്ന് 31 ഓർഡിനറി ബസുകളാണ് നഗരത്തിലാകെ സർവീസ് നടത്തുന്നത്. ഓർഡിനറിയിൽ വനിതാഡ്രൈവർമാർ ഇല്ലെങ്കിലും മുപ്പതോളം വനിതാ കണ്ടക്ടർമാരുണ്ട്. കിഴക്കേക്കോട്ടയിൽനിന്ന് ആരംഭിച്ച് കരകുളം-കെൽട്രോൺ- വേളി വരെയാണ് ഡിപ്പോയിൽനിന്നുള്ള ലോങ് സർവീസ്.
തിങ്കളാഴ്ച രാവിലെ മുതൽ പതിവുസർവീസുകൾ നടക്കും. സൗജന്യയാത്രയുടെ ഉദ്ഘാടനത്തിനുശേഷം ഒരു സൗജന്യയാത്രാബസ് എല്ലാ ഡിപ്പോകളിൽനിന്നും സർവീസ് നടത്തും. കിഴക്കേക്കോട്ട ഡിപ്പോയെക്കൂടാതെ വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട് ഡിപ്പോകളിൽനിന്നും നഗരത്തിൽ ഓർഡിനറി ബസുകളുണ്ട്. ഇതുകൂടാതെ ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കാട്ടാക്കട ഡിപ്പോകളിൽനിന്നാണ് നഗരത്തിലേക്ക് ഓർഡിനറി സർവീസുകൾ കൂടുതലായുള്ളത്.
Content Highlights: Inauguration of Priyadarshini free travel scheme by CM VD Satheesan., Zero-ticket is mandatory for all passengers to avail free travel., Penalty of Rs 500 for traveling without a zero-ticket., Applicable across seven categories including Ordinary, City Ordinary, and Gramavandi., Buses clearly marked with scheme stickers for passenger convenience.