കെ.എസ്.ആര്‍.ടി.സി.യുടെ പദ്ധതിവിഹിതം വെട്ടി; ബസ് വാങ്ങല്‍ കട്ടപ്പുറത്തായി

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായധനം പ്രതീക്ഷിച്ച് ബസ് വാങ്ങാനിറങ്ങിയ കെ.എസ്.ആര്‍.ടി.സി. കുടുങ്ങി. 370 ഡീസല്‍ ബസുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും തുക അനുവദിക്കാത്തതിനാല്‍ നടപടി മരവിപ്പിച്ചു. പുതിയ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 92 കോടി വാഗ്ദാനംചെയ്തിരുന്നെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം 46 കോടിയാക്കി. ഇതും ലഭിച്ചിട്ടില്ല.
കൈവശമുള്ള 4500 ബസുകളില്‍ 90 ശതമാനവും പത്തുവര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. ശബരിമല പ്രത്യേക സര്‍വീസിനായി 500 ബസുകള്‍ മാറ്റേണ്ടിവന്നതോടെ മറ്റുപാതകളില്‍നിന്നും ബസുകള്‍ പിന്‍വലിച്ചിരിക്കുകയാണ്.
സാമ്പത്തികപ്രതിസന്ധികാരണം ശമ്പളവിതരണത്തിനുള്ള മാസസഹായധനമായ 50 കോടിയും കൃത്യമായി നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പുതിയ ബസുകള്‍ വാങ്ങുന്നതില്‍ എട്ടുവര്‍ഷത്തിനിടെ വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. 2006-'16 കാലയളവില്‍ 5488 പുതിയ ബസുകള്‍ നിരത്തിലിറക്കിയപ്പോള്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 534 ബസുകള്‍ മാത്രമാണ് വാങ്ങിയത്.
Content Highlights: KSRTC new bus purchase in trouble because no fund allocation