ഡ്രൈവിങ്ങിനിടെ KSRTC ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു, ബസ് മതിലിൽ ഇടിച്ചുകയറി; സംഭവം മാവേലിക്കരയിൽ |വീഡിയോ

#ന്യൂസ് ഡെസ്ക്
അപകടദൃശ്യം, സി. പ്രദീപ്
അപകടദൃശ്യം, സി. പ്രദീപ്

മാവേലിക്കര: ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. നിയന്ത്രണംവിട്ട ബസ് കടകളിലേക്ക് ഇടിച്ചുകയറി. ചെന്നിത്തല മുപ്പത്തഞ്ചിൽ സി. പ്രദീപ്(49) ആണ് മരിച്ചത്.

ഹരിപ്പാട്-പത്തനംതിട്ട സംസ്ഥാനപാതയിൽ മാവേലിക്കര നടക്കാവിൽ വ്യാഴാഴ്ച രാവിലെ 8.22 ഓടെയാണ് സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് കുഴഞ്ഞുവീഴുകയായിരുന്നു. ബസിന്‍റെ നിയന്ത്രണം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രിക്കാരിൽ ഒരാൾ സ്റ്റിയറിങ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു.

പ്രദീപിനെ ഉടൻതന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പത്തനംതിട്ട-ആലപ്പുഴ ചെയിൻ സർവ്വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആർഇഎ 885 ബസാണ് അപകത്തിൽപ്പെട്ടത്. പത്തനംതിട്ടയിൽനിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു.  യാത്രക്കാർക്ക് ആർക്കും സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമികവിവരം.

പ്രദീപിന് മുൻപ് ഹദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മാവേലിക്കര നടക്കാവ് തോപ്പിൽ ഒപ്റ്റിക്കൽസ്, ഫോർ ഐസ്, കാനറാ ബാങ്ക് എന്നിവ പ്രവർത്തിക്കുന്ന കെട്ടിത്തിന്‍റെ മുൻഭാഗത്താണ് ബസ് ഇടിച്ചുകയറിയത്. സ്ഥാപനങ്ങളുടെ ബോർഡുകളും മതിലും തകർന്നു.

Content Highlights: A KSRTC bus driver, C. Pradeep (49), died after collapsing at the wheel., The incident occurred in Nadakkavu, Mavelikkara, on the Haripad-Pathanamthitta route.