KSRTC-യിൽ 10 വർഷത്തിനുശേഷം ആശ്രിതനിയമനം; ബസിനൊപ്പം കത്തിയമർന്ന പ്രകാശന്റെ മകന് ആശ്വാസം

#രതീഷ് രവി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊല്ലം: 2019 ജൂൺ 15.അന്നൊരു കറുത്ത ശനിയാഴ്ചയായിരുന്നു. എം.സി. റോഡിൽ ആയൂരിനടുത്ത് വയയ്ക്കലിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ. ടി.സി.സൂപ്പർ ഫാസ്റ്റ് ബസ് കത്തിയമർന്നു. ബസ് ഡ്രൈവർ കല്ലമ്പലം പുതുശ്ശേരി മുക്ക് നെല്ലിക്കുന്ന് വിള വീട്ടിൽ പ്രകാശൻ (45) ബസ്സിൽ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷിക്കാൻ ഓടി നടന്നു. അവസാന യാത്രക്കാരനെയും രക്ഷപ്പെടുത്തി പുറത്തിറങ്ങാൻ ശ്രമിക്കവേ പ്രകാശന്റെ ശരീരമാകെ തീ പടർന്നു. ഗുരുതര പൊള്ളലോടെ 18 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ പ്രകാശൻ ജൂലൈ മൂന്നിന് മരണത്തിനു കീഴടങ്ങി.

സ്വന്തം ജീവൻ അവഗണിച്ച് യാത്രക്കാരെ മുഴുവൻ രക്ഷിച്ച പ്രകാശന്റെ കുടുംബത്തെ പക്ഷേ കെഎസ്ആർടിസി പരിഗണിച്ചതേയില്ല. അത്താണി നഷ്ടപ്പെട്ട കുടുംബം മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ കഴിഞ്ഞ വർഷം മകൻ അഖിലിന് കിളിമാനൂർ ഡിപ്പോയിലെ പെട്രോൾ ബങ്കിൽ ദിവസം 715 രൂപ ശമ്പളത്തിൽ താൽക്കാലിക ജോലി നൽകി. അതും ഒരുപാട് നിബന്ധനകളോടെ. കെ.എസ് ആർ.ടി.സി.യിൽ ആശ്രിത നിയമനം നൽകാനുള്ള മന്ത്രി സി.പി.ജോണിന്റെ നിർദ്ദേശം അഖിലിനെപ്പോലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകും. പത്തു വർഷത്തിനുശേഷമാണ് ആശ്രിത നിയമനം നടത്താൻ പോകുന്നത്. നിയമന നിരോധനം നിലവിൽ വന്ന 2016 മുതൽ 2025 വരെ ഒട്ടേറെ പേർക്ക് ആശ്രിത നിയമനം നൽകാനുണ്ട്.അഖിൽ അടക്കം 439 പേരുടെ പട്ടിക കോർപ്പറേഷൻ തയ്യാറാക്കി. ഈ പട്ടിക എല്ലാ യൂണിറ്റ് ഓഫീസുകളിലേക്കും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കിൽ ചേർക്കാനാണിത്.

ആദ്യഘട്ടത്തിൽ 150 പേർക്ക് നിയമനം നൽകാനാണ് ആലോചന. ജോലി ചെയ്തുകൊണ്ടിരിക്കെ മരിച്ചവരുടെ ആശ്രിതർ മന്ത്രി സി.പി .ജോണിനെ കണ്ടു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ജോലി ചെയ്തുകൊണ്ടിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതർ സങ്കട കെട്ടഴിച്ചപ്പോൾ മന്ത്രി വികാരാധീനനായി. തുടർന്നാണ് ആശ്രിത നിയമനത്തിനുള്ള നടപടികൾക്ക് നിർദ്ദേശം നൽകിയത്. മറ്റു വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി കെഎസ്ആർടിസിയിൽ മരിച്ചവരിൽ പകുതിയിലേറെയും ജോലി ചെയ്തുകൊണ്ടിരിക്കെ ജീവൻ വെടിഞ്ഞവരാണ്. 25 കൊല്ലം മുമ്പ് മരണമടഞ്ഞവരുടെ മക്കൾ പ്രായപൂർത്തിയാകും വരെ കാത്തിരുന്നപ്പോൾ ജോലി കിട്ടാതെ പോയ സംഭവങ്ങളുമുണ്ട്. ഇനി ജോലി കിട്ടിയാൽ തന്നെ രണ്ടും മൂന്നും വർഷം മാത്രം സർവീസുള്ള ആശ്രിതരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതം കുറയ്ക്കുന്നതിനായി, നിയമനം പാടില്ലെന്ന, സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സി.യിൽ നിയമന നിരോധനം നിലവിൽ വന്നത്. വലിയ പരാതി ഉയർന്നു വന്നതിനെ തുടർന്ന്, ആശ്രിത നിയമനത്തിന് അർഹതയുള്ളവരെ കഴിഞ്ഞവർഷം ദിവസവേതന അടിസ്ഥാനത്തിൽ(ബദലി) നിയമിക്കാൻ തീരുമാനിച്ചു. കണ്ടക്ടർ,ഡ്രൈവർ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക്, പെട്രോൾ പമ്പുകളിലെ സെയിൽസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നൽകിയത്

Content Highlights: Resumption of compassionate appointments in KSRTC after a decade-long freeze., A list of 439 eligible candidates has been prepared for unit-level verification., First phase of recruitment to include 150 candidates., Move follows ministerial intervention for families of employees who died in service., Policy shift reversing the previous daily-wage (badali) system for dependents.