ബിസിനസ് ക്ലാസ് ബസ് ആലപ്പുഴയിലെത്തി; ആദ്യയാത്രയ്ക്കുള്ള ടിക്കറ്റ് മുഴുവൻ തീർന്നു

#ന്യൂസ് ഡെസ്ക്
ഞായറാഴ്ച സർവീസ് തുടങ്ങുന്ന കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് വോൾവോ ബസ് ആലപ്പുഴ സ്റ്റാൻഡിൽ എത്തിച്ചപ്പോൾ
ഞായറാഴ്ച സർവീസ് തുടങ്ങുന്ന കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് വോൾവോ ബസ് ആലപ്പുഴ സ്റ്റാൻഡിൽ എത്തിച്ചപ്പോൾ

ആലപ്പുഴ: ഓണസമ്മാനമായി ലഭിച്ച കെ.എസ്.ആർ.ടി.സി. ബിസിനസ് ക്ലാസ് ബസ് ആലപ്പുഴയിലെത്തി. ബസ് സർവീസ് ഞായാറാഴ്ച മുതൽ ആരംഭിക്കും. റിസർവേഷൻ ആരംഭിച്ച ദിനം മുതൽ വലിയ ബുക്കിങ്ങാണ് നടന്നത്. അതിനാൽ ആദ്യ യാത്രയ്ക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് എല്ലാം പൂർത്തിയായി.

ആലപ്പുഴയിൽനിന്ന്‌ വൈകീട്ട് 5.30-നാണ് യാത്ര. പിറ്റേന്ന് രാവിലെ 5.55-ന് െബംഗളൂരുവിൽ എത്തും. വർഷങ്ങളായുള്ള ആലപ്പുഴയുടെ ആവശ്യമായിരുന്നു അന്തസ്സംസ്ഥാനയാത്രയ്ക്ക് ഒരു ബസ് എന്നത്. അത് ബിസിനസ് ക്ലാസ് രൂപത്തിൽ ലഭിച്ചപ്പോൾ ജില്ല ആഹ്ലാദത്തിലാണ്. കെ.സി. വേണുഗോപാൽ എം.പി. ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും.

ഓണക്കാല അവധിയാത്രകളിൽ നാട്ടിലേക്ക് എത്തേണ്ടവർക്ക് ഏറെ പ്രയോജനംചെയ്യും പുതിയ ബസ്. ശൗചാലയം ഉൾപ്പെടെയുള്ള അത്യാഡംബര സൗകര്യമാണ് ബസിലുള്ളത്. വോൾവോ എ.സി. ബസ് സെമിസ്ലീപ്പർ വിഭാഗത്തിൽപ്പെടുന്നതാണ്.

ഓണക്കാലത്ത് ആലപ്പുഴ വഴി പ്രത്യേക ട്രെയിൻ പോലുമില്ല. ആകെയുള്ളത് സ്വകാര്യ ബസുകളാണെന്നതിനാൽ മറ്റു മാർഗമില്ലാതെ വലിയ നിരക്കു നൽകി യാത്രചെയ്യാൻ പലരും നിർബന്ധിതരാകും. അന്തസ്സംസ്ഥാന കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ ജില്ല ആസ്ഥാന ഡിപ്പോയായ ആലപ്പുഴയിൽനിന്ന് തുടങ്ങണമെന്ന ആവശ്യം നാളുകളായി ഉയരുന്നതാണ്. പുതിയ ബസ് എത്തുന്നതോടെ യാത്രാപ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകും.

Content Highlights: The newly introduced KSRTC Business Class Volvo AC bus with onboard toilet facilities arrived in Alappuzha, with all tickets fully booked for its maiden Sunday evening service to Bengaluru flagged off by KC Venugopal MP.