പുതിയ ബസ് ഇറക്കാൻ സ്‌പോൺസർമാരെ തേടി കെഎസ്ആർടിസി, ‘പരസ്യസാധ്യത പ്രയോജനപ്പെടുത്താം’

തിരുവനന്തപുരം: പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ കർമ്മപദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ബസ് സ്‌പോൺസർഷിപ്പ് ക്ഷണിച്ച് കെഎസ്ആർടിസി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സി.എസ്.ആർ. ഫണ്ടുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ബസ് സ്‌പോൺസർഷിപ്പിന് അവസരമുണ്ട്. സമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി പൊതുഗതാഗത മേഖലയ്ക്ക് പിന്തുണ നൽകാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഈ പദ്ധതിയുടെ ഭാഗമാകാമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സി.എസ്.ആർ. ഫണ്ടുകൾ, സന്നദ്ധ/സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് സ്‌പോൺസർഷിപ്പിലൂടെ കെഎസ്ആർടിസി ഫ്‌ലീറ്റിലേക്ക് ബസുകൾ സംഭാവന ചെയ്യാവുന്നതാണ്. ജനങ്ങൾക്ക് മികച്ച യാത്രാസേവനം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
കെഎസ്ആർടിസിയുടെ ആവശ്യാനുസരണം 9 മീറ്റർ മുതൽ 15 മീറ്റർ വരെയുള്ള വിവിധ മോഡലുകളിലുള്ള ബസുകൾ സ്‌പോൺസർഷിപ്പ് മുഖേന ലഭ്യമാക്കാൻ മാർഗ്ഗനിർദ്ദേശത്തിൽ വ്യവസ്ഥയുണ്ട്. എ.സി. പ്രീമിയം ബസുകൾ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഷോർട്ട് ഡിസ്റ്റൻസ് ഫാസ്റ്റ് പാസഞ്ചർ, എ.സി. സീറ്റർ, എ.സി. സ്ലീപ്പർ തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
സ്‌പോൺസർ ചെയ്യുന്ന സ്ഥാപനത്തിന്റെയോ സംഘടനയുടെയോ പേര്/ബ്രാൻഡ് നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി ബസുകളിൽ പ്രദർശിപ്പിക്കാനും പരസ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനും അവസരമുണ്ട്. ബസിന്റെ പെയിന്റിംഗ്, ലിവറി, പരസ്യപ്രദർശനം എന്നിവ കെ.എസ്.ആർ.ടി.സി.യുടെ നിബന്ധനകൾക്ക് അനുസൃതമായിരിക്കും. പുതിയ ബസുകൾ സംസ്ഥാനത്തെ ആവശ്യമായ റൂട്ടുകളിലും പ്രദേശങ്ങളിലും വിന്യസിച്ച് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സർവീസ് നടത്തുന്നതായിരിക്കും. സ്‌പോൺസർഷിപ്പ് സംബന്ധിച്ച നടപടികൾ കെഎസ്ആർടിസി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾക്കും സാങ്കേതിക മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കുമെന്നും കെഎസ്ആർടിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
വിശദമായ വ്യവസ്ഥകളും സാങ്കേതിക മാനദണ്ഡങ്ങളും കെ.എസ്.ആർ.ടി.സി. പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശപ്രകാരം ബാധകമായിരിക്കും. ഇത് സംബന്ധിച്ച് കെഎസ്ആർടിസി പുറത്തിറക്കിയ സർക്കുലറിന്റെ ഗൂഗിൾ ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്.https://drive.google.com/.../1iePR3uySuuBhRmT29eE.../view...ബസ് സ്‌പോൺസറിങ്ങുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ആവശ്യമായ സഹായത്തിനുമായി കെഎസ്ആർടിസിയുടെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: KSRTC invites bus sponsorships from local bodies, companies, and CSR funds., Sponsors can contribute various bus models ranging from 9 meters to 15 meters., Sponsoring organizations can display their brand/name on the buses as per guidelines., Aims to enhance public transport facilities and ensure better travel services for citizens.