അച്ഛന് പിന്നാലെ മകളും യാത്രയായി; വിതുമ്പി കീരിത്തോട് ഗ്രാമം, അപകട കാരണം ബസിന്റെ തേഞ്ഞ ടയർ പൊട്ടിയത്

മണിയൻപാറയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്, അനിൻഡ
മണിയൻപാറയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്, അനിൻഡ

ചെറുതോണി(ഇടുക്കി): നേര്യമംഗലം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ കീരിത്തോട് തെക്കുമറ്റത്തിൽ അനിൻഡ(14) മരിച്ചതോടെ തെക്കുമറ്റത്തിൽ വീട് കണ്ണീർക്കടലായി. തെക്കുമറ്റത്തിൽ വീട്ടിൽ അമ്മ മിനിയും മൂത്തമകൾ അമാൻഡയും ഇനി തനിച്ചാണ്. അനിൻഡയുടെ അച്ഛൻ ബെന്നി (മത്തായി) കരൾരോഗ ബാധിതനായി നാലുവർഷം മുമ്പാണ് മരിച്ചത്. ബെന്നിയുടെ മരണത്തെ തുടർന്ന് അമ്മ മിനി തൊഴിലുറപ്പ് ജോലി ചെയ്താണ് കുടുംബം പുലർത്തിയത്. അച്ഛന്റെ വേർപാടിന്റെ നോവാറും മുമ്പേ ഇളയമകൾ അനിൻഡയുടെ അപകട മരണം കൂടിയായപ്പോൾ ദു:ഖം താങ്ങാനാനാവാതെ അലമുറയിടുന്ന അമ്മ മിനിയുടേയും അനിൻഡയുടെ ജ്യേഷ്ഠത്തി അമാൻഡയുടേയും മുഖങ്ങൾ നാട്ടുകാരുടെ മനസ്സിൽ നൊമ്പരമായി.

ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ അമാൻഡ ശസ്ത്രക്രിയയെ തുടർന്ന് കോലഞ്ചേരിയിലെ ബന്ധുവീട്ടിൽ വിശ്രമത്തിലാണ്. അമാൻഡയുടെ അടുത്തേക്ക് രാവിലെ കീരിത്തോട്ടിൽനിന്ന് പുറപ്പെട്ടതാണ് മിനിയും അനിൻഡയും.

മണിയമ്പായിൽ അപകടത്തിൽപ്പെട്ട ബസിന്റെ അടിയിൽപ്പെട്ട് ചതഞ്ഞ മകളുടെ മൃതശരീരം അവസാനമായി കണ്ട മിനി മോഹാലസ്യപ്പെട്ടു വീണു. കഞ്ഞിക്കുഴി നങ്കി സിറ്റി എസ്എൻ ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിയായ അനിൻഡയുടെ വേർപാട് സഹപാഠികൾക്കും അധ്യാപകർക്കും തീരാ വേദനയായി. സംസ്കാരം ബുധനാഴ്ച മൂന്നിന്ന് ചേലച്ചുവട് കത്തിപ്പാറത്തടം സെയ്ൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

രക്ഷിക്കാനുള്ള ശ്രമം വിഫലമായി

കുമളിയിൽനിന്ന് എറണാകുളത്തേക്കു പോയ വേണാട് ഓർഡിനറി ബസാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ അപകടത്തിൽ പെട്ടത്. അമിതവേഗത്തിൽ വന്ന ബസ് മണിയൻപാറ വളവിൽവച്ച് റോഡ് സൈഡിലെ കാനയുടെ കോൺക്രീറ്റ് പാളിയിൽ തട്ടി പിന്നിലെ ടയർ വലിയ ശബ്ദത്തോടെ പൊട്ടി. ഇതോടെ നിയന്ത്രണം വിട്ട ബസ് എതിർദിശയിലെ 20 അടി താഴ്ചയിലേക്ക് ഊർന്നിറങ്ങി മൺതിട്ടയിൽ തട്ടി നിന്നു. മുൻവശത്തെ സീറ്റിൽ അമ്മ മിനിക്കൊപ്പം ഇരിക്കുകയായിരുന്ന അനിൻഡ തെറിച്ച് ബസിന്റെ മുൻ ഗ്ലാസ് തകർന്ന്‌ പുറത്തേക്ക് വീഴുകയും ചക്രത്തിനടിയിൽ പെടുകയുമായിരുന്നു.

ബസിലെ യാത്രക്കാരും  നാട്ടുകാരും അതുവഴി വാഹനത്തിൽ എത്തിയവരും അനിൻഡയെ രക്ഷപ്പെടുത്താൻ
ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ഊന്നുകൽ, കരിമണൽ പോലീസും കോതമംഗലത്തുനിന്ന് അഗ്‌നി രക്ഷാസേനയും എത്തി. പിന്നീട് ക്രെയിൻ എത്തിച്ച് ബസ് ഉയർത്തി 11.45-ന് അനിൻഡയെ പുറത്തെടുത്ത് കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ തലയും കൈയും ചക്രത്തിനടിയിലായിരുന്നു. ചികിത്സ കഴിഞ്ഞ് കോലഞ്ചേരിയിലെ ബന്ധുവീട്ടിൽ വിശ്രമിക്കുന്ന അനിൻഡയുടെ ചേച്ചി അമാൻഡയെ സന്ദർശിക്കാനായി പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. ബസിന്റെ ടയർ തേഞ്ഞ് മൊട്ടപ്പരുവത്തിലായിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ പറഞ്ഞു.

മിനിയെ കോതമംഗലം എംബിഎംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. 48 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 18 പേരെ കോതമംഗലം എംബിഎംഎം ആശുപത്രിയിലും രണ്ടുപേരെ സെയ്ന്റ് ജോസഫ് ആശുപത്രിയിലും എത്തിച്ചു. ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്കൂളിലെ സിസ്റ്റർ ജൂലിയാന (74), നേര്യമംഗലം കച്ചിറയിൽ കെ.ഒ. എൽസി (65) എന്നിവർ എംബിഎംഎം ആശുപത്രിയിലും നേര്യമംഗലം നീണ്ടപാറ നീലംകാവിൽ ഐശ്വര്യ (25) സെയ്ന്റ് ജോസഫ് ആശുപത്രിയിലും ചികിത്സയിലുണ്ട്. മറ്റുള്ളവർ ആശുപത്രി വിട്ടു.

Content Highlights: KSRTC Bus Crash Kills 14-Year-Old in Idukki, accident left her mother and sister devastated.