അപകടം വിശ്രമമില്ലാത്ത ഓട്ടത്തിനൊടുവിൽ; മൈസൂരുവിൽ നിന്നെത്തിയത് വൈകീട്ട്, രാത്രി ബെംഗളൂരുവിലേക്ക്

കോഴിക്കോട്: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിന് കാരണമായത് ജീവനക്കാർക്ക് ഡ്യൂട്ടി നൽകുന്നതിലെ ഗുരുതരമായ ചട്ടംഘനമെന്ന് ആരോപണം. അപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസ് താത്കാലിക ഡ്രൈവറായ മിഥിലേഷിന് മതിയായ വിശ്രമം ലഭിച്ചിരുന്നില്ലെന്നാണ് ആരോപിക്കപ്പെടുന്നത്.
ദിവസവേതനത്തിന് ജോലിചെയ്യുന്ന ഇദ്ദേഹം മൈസൂരു ട്രിപ്പ് കഴിഞ്ഞ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് കോഴിക്കോട് ഡിപ്പോയിൽ തിരിച്ചെത്തിയത്. എന്നാൽ, അതേദിവസം രാത്രി ഒൻപതരയ്ക്ക് ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന സൂപ്പർ ഡീലക്‌സ് ബസിലും ഡ്യൂട്ടിക്ക് കയറി. മറ്റു ഡ്രൈവർമാർ ഇല്ലാത്തതിനാൽ ബെംഗളൂരു സർവീസ് എടുക്കാൻ അധികൃതർ മിഥിലേഷിനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.
കൂടാതെ, അപകടത്തിൽ മരിച്ച കണ്ടക്ടർ അരുൺ ഡ്രൈവർ കം കണ്ടക്ടർ അല്ലായിരുന്നു. ഇതിലൂടെ, സൂപ്പർ ഡീലക്‌സ് ബസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാർ വേണമെന്ന സർക്കുലറും ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ മാനദണ്ഡവുമാണ് അധികൃതർ ലംഘിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം.
കോഴിക്കോട് സിറ്റി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ ഏറെനാളായി ഡ്രൈവറായിരുന്ന മിഥിലേഷ് ഒരുവർഷം മുൻപാണ് ദിവസവേതനാടിസ്ഥാനത്തിൽ കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയത്. ഇദ്ദേഹം ഉൾപ്പെടെ കുറച്ചു ഡ്രൈവർമാരെ രാത്രികാല ദീർഘദൂര സർവീസുകളിലേക്കായി കെഎസ്ആർടിസി ജോലിക്കെടുത്തിരുന്നു. കോഴിക്കോട് വെള്ളയിൽ സ്വദേശിയാണ് മരിച്ച മിഥിലേഷ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി കെഎൽ 15 എ 1963 എടിസി 129 നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. കർണാടകയിലെ ബിഡദിക്ക് സമീപം ശനിയാഴ്ച രാവിലെ 6.40-നായിരുന്നു സംഭവം. ബെംഗളൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിലൂടെ പൊയ്‌ക്കൊണ്ടിരുന്ന ബസ് നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ സൂചനാബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. സഞ്ചരിച്ചിരുന്ന ട്രാക്കിൽനിന്ന് ഡിവൈഡറിലേക്ക് ഇടിച്ചുകയറി വലതുവശത്തേക്കാണ് മറിഞ്ഞത്.
ബസിലെ ഡ്രൈവർ മിഥിലേഷും കണ്ടക്ടർ ചേവായൂർ സ്വദേശി അരുണും അപകടത്തിൽ മരിച്ചു. 39 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇരുപതോളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരിൽ ചിലരുടെ സ്ഥിതി ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ പതിനാറോളം ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Content Highlights: Allegations of driver fatigue involving temporary staff on the Bengaluru route., Reported violation of mandatory rest periods for bus drivers., Breach of safety protocols regarding conductor duties on long-distance services., The accident occurred near Bidadi, Karnataka, involving 39 passengers., Official inquiry initiated into the cause of the bus rollover.