സോളാർ: അപേക്ഷകർ സത്യവാങ്മൂലം നൽകേണ്ടാ; ആവശ്യപ്പെടുന്നത് കോടതിവിധി അംഗീകരിക്കാമെന്ന സത്യവാങ്മൂലം

തിരുവനന്തപുരം: സോളാർ വൈദ്യുതിനിലയങ്ങൾ സ്ഥാപിക്കാനായി അപേക്ഷിക്കുന്നവരിൽനിന്ന് നിർബന്ധിത സത്യവാങ്മൂലം വാങ്ങുന്നത് വിലക്കി കെ.എസ്.ഇ.ബി. സോളാർ ചട്ടങ്ങളെ സംബന്ധിച്ച കോടതിവിധി വരുമ്പോൾ അത് അനുസരിച്ചോളാമെന്ന സത്യവാങ്മൂലമാണ് കെ.എസ്.ഇ.ബി.യുടെ ചില ഓഫീസുകളിൽ അപേക്ഷകരിൽനിന്ന് നിയമവിരുദ്ധമായി എഴുതിവാങ്ങിയിരുന്നത്.
ഇത്തരം സത്യവാങ്മൂലം വാങ്ങാൻ കെ.എസ്.ഇ.ബി. പൊതുവായ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, ചില ഓഫീസർമാർ ഇതിനു നിർബന്ധിച്ചത് പരാതികൾക്കിടയാക്കി. സോളാർ വൈദ്യുതി ഉത്പാദനത്തിന് നിലവിലുള്ള ചില ആനുകൂല്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് റെഗുലേറ്ററി കമ്മിഷൻ പുതുക്കിയ ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേയുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചട്ടങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിട്ടുണ്ട്.
എന്നാൽ, ഈ കേസിലെ അന്തിമവിധിക്കു വിധേയമായിരിക്കും അനുമതി എന്നത് അംഗീകരിച്ചുകൊണ്ട് സത്യവാങ്മൂലം നൽകാനാണ് ചില ഓഫീസർമാർ ആവശ്യപ്പെടുന്നത്. വിധിവന്നാൽ അത് നടപ്പാക്കേണ്ടത് കെ.എസ്.ഇ.ബി.യുടെ ഉത്തരവാദിത്വമായിരിക്കേ അപേക്ഷകരെ വലയ്ക്കുന്നതാണ് യുക്തിരഹിതമായ ഈ ആവശ്യം. പുതുക്കിയ ചട്ടങ്ങളെ ചോദ്യംചെയ്തുകൊണ്ടുള്ള കേസിൽ ഹൈക്കോടതി വാദം തുടങ്ങിയിട്ടില്ല.
Content Highlights: KSEB officially bans the practice of demanding affidavits from solar applicants., The requirement was deemed irrational as legal compliance is the board's responsibility., Current solar regulations are subject to ongoing High Court proceedings., Applicants can now proceed without agreeing to arbitrary future legal outcomes.