വൈദ്യുതി തർക്കത്തിന് വിരാമം; ചെന്നിത്തലയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയും മന്ത്രി സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തി

#പ്രത്യേക ലേഖകന്‍
മുഖ്യമന്ത്രി വി.ഡി.സതീശന്‍, മന്ത്രി സണ്ണി ജോസഫ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ |ഫോട്ടോ:മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി.സതീശന്‍, മന്ത്രി സണ്ണി ജോസഫ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതിനെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി സണ്ണി ജോസഫും തമ്മിലുണ്ടായ തർക്കത്തിന് വിരാമം. മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി കെ.പി.സി.സി. പ്രസിഡന്റുകൂടിയായ മന്ത്രിയുമായി സംസാരിച്ചു. ബുധനാഴ്ച രാത്രി ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

സണ്ണി ജോസഫിന്റെ സാന്നിധ്യത്തിലല്ലാതെ ഊർജവകുപ്പ് സെക്രട്ടറി പുനീത്കുമാർ, കെ.എസ്.ഇ.ബി. ചെയർമാൻ എൻ. പ്രശാന്ത് എന്നിവരുമായി ചർച്ചനടത്തിയത് യാദൃച്ഛികമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതായാണ് സൂചന.

'സിവിൽ സർവീസുകാരുടെ യോഗം കഴിഞ്ഞ് അവർ വന്ന് സംസാരിച്ചു. അത് വിളിച്ചുചേർത്ത കൂടിക്കാഴ്ചയായിരുന്നില്ല. വൈദ്യുതിക്കരാർസംബന്ധിച്ച തീരുമാനമെടുക്കാൻ ഫയൽ തനിക്കയച്ചതിനാലാണ് അക്കാര്യം പരിശോധിച്ചത്. മന്ത്രിയെ ഒഴിവാക്കി വകുപ്പിൽ ഏകപക്ഷീയമായി ഇടപെട്ടിട്ടി'ല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായി അറിയുന്നു.

വൈദ്യുതി ബോർഡ് നൽകിയ ശുപാർശയെ, സമ്മർദതന്ത്രമായി സംശയദൃഷ്ട്യാ കണ്ടതിലുൾപ്പെടെ തനിക്കുണ്ടായ പ്രയാസം സണ്ണി ജോസഫ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

ഒരു മണിക്കൂറോളം നീണ്ട ചർച്ചയിലാണ് മഞ്ഞുരുകിയത്. മാതൃഭൂമിക്കു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയെടുത്ത തീരുമാനങ്ങളെ സണ്ണി ജോസഫ് വിമർശിക്കുകയും തീരുമാനങ്ങൾ താൻ പത്രത്തിൽനിന്നാണ് അറിഞ്ഞതെന്ന് പരസ്യമായി പറയുകയും ചെയ്തിരുന്നു.

പല ഏജൻസികളിൽനിന്ന് വൈദ്യുതി വാങ്ങുമ്പോഴുള്ള ലാഭനഷ്ടങ്ങൾസംബന്ധിച്ച കണക്കുകളുമായാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ സണ്ണി ജോസഫ് പങ്കെടുത്തത്. എന്നാൽ, യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രി ഉന്നയിക്കാഞ്ഞതിനാൽ മന്ത്രിയും ഒന്നും മിണ്ടിയില്ല. മന്ത്രിയുടെ അഭിമുഖം വന്നപ്പോൾത്തന്നെ കൂടുതൽ പ്രതികരണം നടത്തി സാഹചര്യം വഷളാക്കരുതെന്ന് നിർദേശിച്ച് മന്ത്രി രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു.

Content Highlights: Chief Minister and Minister Sunny Joseph resolved their dispute regarding power purchase agreements., The meeting took place at Cliff House in the presence of Ramesh Chennithala., The Chief Minister clarified that discussions with bureaucrats were purely coincidental and not aimed at bypassing the minister., Sunny Joseph expressed concerns over unilateral decisions and power board recommendations.