വൈദ്യുതി വാങ്ങൽ വിവാദം: ജി.എൻ.എ കരാർ സാങ്കേതികമായി തിരിച്ചടിയാകുമെന്ന് KSEB, തള്ളി സർക്കാർ

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ, മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ, മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുൻകൈയെടുത്ത് ഒരുക്കിയ ഹിമാചൽ പ്രദേശ് സർക്കാരിന്റെ വൈദ്യുതി കരാർ ഒഴിവാക്കി, ജി.എൻ.എ. എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചതോടെ പുതിയ വിവാദം പുകയുന്നു. ഹിമാചൽ സർക്കാരിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടി രൂപയുടെ അധിക ബാധ്യത സംസ്ഥാനത്തിന് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വാദിക്കുന്നത്. എന്നാൽ ഹിമാചൽ പ്രദേശ് വൈദ്യുതിയെക്കാൾ ചെലവ് കൂടുതൽ ജി.എൻ.എയുടെ സ്വകാര്യ വൈദ്യുതിക്കാണെന്ന് വ്യക്തമാക്കുന്ന കെ.എസ്.ഇ.ബിയുടെ ആഭ്യന്തര റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരിന്റെ വാദങ്ങൾ പ്രതിരോധത്തിലായിരിക്കുകയാണ്.

യൂണിറ്റിന് 8.90 രൂപ വരെ നിരക്കിൽ 2027 മാർച്ച് 31 വരെ നൽകുന്ന കരാർ നഷ്ടമാണെന്ന് ചൂണ്ടിക്കാണിച്ച് എതിർപ്പറിയിച്ചത് കെ.എസ്.ഇ.ബി ചെയർമാനും ഊർജ്ജ സെക്രട്ടറിയുമായിരുന്ന എം.ജി. രാജമാണിക്യമായിരുന്നു. യൂണിറ്റിന് 14.50 രൂപ നിരക്കിൽ ഹിമാചൽ വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും, കെ.എസ്.ഇ.ബി ബോർഡ് അയച്ച കത്തിലെ കണക്കുകൾ മറിച്ചാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ടെൻഡർ നടപടികളില്ലാതെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമെന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിനെതിരെ വകുപ്പിനുള്ളിൽ തന്നെ അമർഷം പുകയുന്നുണ്ട്.

ജി.എൻ.എയുടെ വൈദ്യുതി വാങ്ങുന്നതിനായി 2008 കോടി രൂപയാണ് നിർദ്ദേശിച്ചിട്ടുള്ളതെങ്കിലും, ഈ തുക യൂണിറ്റിന് 14 രൂപ നിരക്കിൽ ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഉയർന്ന ചിലവാണെന്ന് കെ.എസ്.ഇ.ബി റിപ്പോർട്ട് അടിവരയിടുന്നു. ജി.എൻ.എയിൽ നിന്ന് 453 മെഗാ യൂണിറ്റും ഹിമാചലിൽ നിന്ന് 353 മെഗാ യൂണിറ്റും ലഭിക്കുമെന്ന കണക്കുയർത്തി ജി.എൻ.എ കരാറിനെ ന്യായീകരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, സാങ്കേതികമായി ഇത് കേരളത്തിന് നേട്ടമുണ്ടാക്കില്ല എന്നാണ് ബോർഡിന്റെ വിലയിരുത്തൽ. 2027 മാർച്ച് വരെ മുഴുവൻ സമയവും 500 മെഗാവാട്ട് മാത്രം നൽകുന്ന ജി.എൻ.എ കരാർ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമല്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

പ്രത്യേകിച്ച്, രാത്രികാലങ്ങളിലെ പീക്ക് സമയത്ത് കേരളം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ജി.എൻ.എ കരാർ പരിഹാരമാകില്ല എന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നു. പകൽ സമയത്ത് അധികം വൈദ്യുതി ആവശ്യമില്ലാത്തപ്പോഴും ജി.എൻ.എയിൽ നിന്ന് 500 മെഗാവാട്ട് നിർബന്ധമായി വാങ്ങേണ്ടിവരും. എന്നാൽ ഹിമാചൽ സർക്കാരിന്റെ വൈദ്യുതിയാകട്ടെ, രാത്രി പീക്ക് സമയങ്ങളിൽ 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ ലഭ്യമാക്കാൻ ശേഷിയുള്ളതാണ്. അതിനാൽ സംസ്ഥാനത്തിന് ആവശ്യമുള്ള രാത്രി സമയങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ് സർക്കാരുമായുള്ള കരാറാണ് അനുയോജ്യമെന്ന് കെ.എസ്.ഇ.ബി കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ബോർഡിന്റെയും വൈദ്യുതി മന്ത്രിയുടെയും സാങ്കേതിക നിർദ്ദേശങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സ്വകാര്യ ഏജൻസിയായ ജി.എൻ.എയ്ക്ക് നൽകാൻ സർക്കാർ തിടുക്കം കൂട്ടുന്നത്.