പവർ കട്ട് വിവരങ്ങൾ ഇനി വിരൽത്തുമ്പിലെത്തും: എസ്എംഎസ് സേവനവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്നത് സംബന്ധിച്ച വിവരങ്ങൾ ഇനി ഉപഭോക്താക്കളുടെ വിരൽത്തുമ്പിലെത്തും. വിവരങ്ങൾ എസ്എംഎസ്സായി മൊബൈൽ ഫോണുകളിലാണ് എത്തുക. എസ്എംഎസ് ലഭിക്കാനായി wss.kseb.in എന്ന പോർട്ടലിൽ ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്താൽ ഉപഭോക്താവ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് പവർ കട്ട് വിവരം മുൻകൂട്ടി എസ്എംഎസ്സായി എത്തും.
പീക്ക് സമയത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനായി കെഎസ്ഇബിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫും പറഞ്ഞിരുന്നു. പിന്നാലെയാണ് കെഎസ്ഇബി മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ചത്.
നിലവിലെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഉപഭോഗം വർധിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. മഴയുടെ അഭാവം കാരണം അണക്കെട്ടുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇതുകാരണം ആഭ്യന്തര ഉത്പാദനം കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സെപ്റ്റംബർ 30 വരെ പീക്ക് സമയത്തെ നിയന്ത്രണം തുടരുമെന്നാണ് കെ.എസ്.ഇ.ബി ചെയർമാന്റെ വിശദീകരണം.
കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതും പീക്ക് സമയങ്ങളിൽ വലിയ തുക നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്. എങ്കിലും ജനങ്ങളുടെ മേൽ അമിത നിരക്ക് അടിച്ചേൽപ്പിക്കാതെ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: KSEB has introduced an SMS service via its portal wss.kseb.in to notify consumers in advance about scheduled power cuts. The move follows directions from the Chief Minister to keep the public informed during the ongoing energy crisis.