വൈദ്യുതി കട്ട് ദിവസം 50 മിനിറ്റ്‌, 25 മിനിറ്റുവീതം രണ്ടുതവണ: ഒക്ടോബർമുതൽ കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങും

#എസ്.എൻ. ജയപ്രകാശ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഒക്ടോബർമുതൽ അടുത്തവർഷം മേയ്‌വരെ കൂടിയവിലയ്ക്ക് ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതിവാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ നിയന്ത്രണങ്ങളോടെ അനുമതിനൽകി. യൂണിറ്റിന് 12.50 രൂപവരെ വിലയുള്ള കരാറുകൾക്ക് അനുമതിനൽകിയിട്ടുണ്ട്. യൂണിറ്റിന് ശരാശരി വില 10.40 രൂപവരും. ഒക്ടോബർമുതലാണ് വൈദ്യുതി വാങ്ങുന്നത്. അതിനാൽ നിയന്ത്രണം ഉടനെ ഒഴിവാകില്ല.

കെ.എസ്.ഇ.ബി. ഉണ്ടാക്കിയ കരാറുകൾ മുഴുവൻ കമ്മിഷൻ അംഗീകരിച്ചില്ല. 83.5 കോടി യൂണിറ്റ് വൈദ്യുതി 749.72 കോടി രൂപയ്ക്ക് വാങ്ങാനാണ് കെ.എസ്.ഇ.ബി. കരാറുകൾ ഉണ്ടാക്കിയത്. എന്നാൽ, 34.64 കോടി യൂണിറ്റ് 347.79 രൂപയ്ക്ക് വാങ്ങാനുള്ള കരാറുകൾക്ക് മാത്രമാണ് അനുമതി. 24 മണിക്കൂറും തുടർച്ചയായി വൈദ്യുതി വാങ്ങാനുള്ള വൻവിലയ്ക്കുള്ള കരാറുകൾക്കും കെ.എസ്.ഇ.ബി. അംഗീകാരം നൽകിയിരുന്നു. പകൽ ഇപ്പോൾത്തന്നെ വൈദ്യുതി മിച്ചമായതിനാലും വില വളരെക്കൂടിയതിനാലും ഇത്തരം കരാറുകൾക്ക് കമ്മിഷൻ അനുമതി നിഷേധിച്ചു. ഡിസംബറിൽ സാഹചര്യം വിലയിരുത്തി കെ.എസ്.ഇ.ബി. കമ്മിഷന് റിപ്പോർട്ട് നൽകണം. വീണ്ടും വൈദ്യുതി വാങ്ങണോ എന്നത് അപ്പോൾ തീരുമാനിക്കാം.

ഈ മാസം ഇനി വൈദ്യുതി വാങ്ങേണ്ടതില്ലെന്നും കമ്മിഷൻ ഉത്തരവിട്ടു. ഈ മാസം രാത്രിയിൽ വളരെക്കുറഞ്ഞ അളവിലുള്ള വൈദ്യുതിക്കാണ് കരാർ. അതുകൊണ്ട് പ്രയോജനമില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.

വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് ഇത്രയും കൂടിയവിലയ്ക്ക് അനുമതിനൽകിയത്. ഇതൊരു കീഴ്‌വഴക്കമാക്കരുതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

വൈദ്യുതി കട്ട് 50 മിനിറ്റ്‌

രാത്രിയിലെ വൈദ്യുതിവിതരണം നിയന്ത്രിക്കാൻ ചിട്ടവട്ടങ്ങളുമായി കെ.എസ്.ഇ.ബി. ഒരു ഫീഡർ ട്രാൻസ്ഫോർമർ രണ്ടുതവണ ഓഫാക്കണം. ഒാരോ തവണയും 25 മിനിറ്റുവീതം 50 മിനിറ്റ്‌ നിയന്ത്രണത്തിന്റെ ഭാഗമായി മുടങ്ങും. ലോഡ് അധികം വരാത്ത, ദിവസേന രണ്ടുതവണ ഓഫ് ചെയ്യാത്ത ഫീഡറുകളുണ്ട്. അവയും രണ്ടുതവണ ഓഫാക്കാനാണ് നിർദേശം. വൈകുന്നേരം 6.20 മുതൽ 6.45 വരെയാണ് ഇത്തരം ഫീഡറുകളിൽ വൈദ്യുതി നിയന്ത്രിക്കുക.

Content Highlights: KSEB received conditional approval from the Regulatory Commission to purchase high-priced electricity from October to May., Approval granted for purchasing 34.64 crore units of power amounting to 347.79 crores., Power cuts of 50 minutes implemented in two 25-minute slots via feeder transformers during peak hours., Commission rejected full proposals due to daytime power surplus and high costs, requiring a review report in December.