വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: Biju Paravath, Mathrubhumi | പിണറായി വിജയൻ | Photo: Sreekesh S, Mathrubhumi
വി.ഡി. സതീശൻ | Photo: Biju Paravath, Mathrubhumi | പിണറായി വിജയൻ | Photo: Sreekesh S, Mathrubhumi

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി പ്രതിസന്ധി മുൻ സർക്കാർ മുൻകൂട്ടി കണ്ടില്ലെന്നും ലോങ് ടേം എഗ്രിമെന്റ് വച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 500 മെഗാവാട്ട് സ്വാപ് അടിസ്ഥാനത്തിൽ വാങ്ങിച്ചു. അത് ഈ ജൂൺ, ജൂലായ് മാസത്തിൽ തിരിച്ചു കൊടുക്കേണ്ടി വന്നു. ഈ സെപ്റ്റംബറിൽ ഏകദേശം 1000 മെഗാവാട്ടോളം നമ്മുടെ ഉപഭോഗം കൂടി. എൽനിനോ ഉള്ളപ്പോൾ സ്വാപ് വയ്ക്കുന്നത് ബുദ്ധിയായിരുന്നില്ല. അത്രയും കൂടി കൊടുക്കേണ്ടി വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടപടിക്രമങ്ങൾ പാലിച്ചാണ് കെ.എസ്.ഇ.ബി ചെയർമാനെ മാറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് കാര്യങ്ങൾ അന്വേഷിക്കാതെയാണ്. അദ്ദേഹത്തിന്റെ കാലത്ത് 2025ൽ ഇതേ ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും അതറിയാതെയാണ് സ്വകാര്യ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങുന്നെന്ന് പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അദ്ദേഹത്തിന്റെ കാലത്ത് എൻ.ടി.പി.സിയിൽനിന്ന് വളരെ കുറച്ച് വൈദ്യുതി മാത്രമാണ് വാങ്ങിയത്. ബാക്കി മുഴുവൻ സ്വകാര്യ കമ്പനികളിൽ നിന്നായിരുന്നു. ജിൻഡാലിൽനിന്ന്, അദാനിയിൽനിന്ന്, ജി.എൻ.എയിൽനിന്ന് തുടങ്ങി നിരവധി സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങിയതിന്റെ ലിസ്റ്റ് തന്റെ കയ്യിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് മാസവും ന്യൂക്ലിയർ പവർ കോർപ്പറേഷനിൽനിന്ന് 4 രൂപ 65 പൈസയ്ക്ക് 180 മെഗാവാട്ട് കിട്ടി. ബാക്കി മുഴുവൻ വാങ്ങിയത് സ്വകാര്യകമ്പനിയിൽ നിന്നാണ്. സ്വകാര്യ കമ്പനിയിൽ നിന്നാണ് കേരളത്തിലെ ഇലക്ട്രിസിറ്റി ബോർഡിന് ഭൂരിഭാഗം വൈദ്യുതിയും കിട്ടുന്നത്. ഇപ്പോൾ സ്വകാര്യ കമ്പനിയിൽനിന്ന് വാങ്ങാൻ പോകുന്നത് വലിയ സംഭവമായാണ് പറയുന്നത്. അതെന്താണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പവർ വാങ്ങുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കാൻ വൈദ്യുതി മന്ത്രിയിൽനിന്ന് ഒരു ഫയൽ ലഭിച്ചിരുന്നു. രണ്ട് പ്രൊപ്പോസലുകളാണ് ഉണ്ടായിരുന്നത്. ഒന്ന് ഹിമാചൽ പ്രദേശിൽ നിന്ന് ഒരു യൂണിറ്റിന് 14.50 രൂപയ്ക്കും സ്വകാര്യ സ്ഥാപനമായ ജി.എൻ.എയിൽ നിന്ന് ഒരു യൂണിറ്റിന് 8.63 രൂപ, 8.90 രൂപ നിരക്കിൽ രണ്ടെണ്ണവുമാണ് ഉണ്ടായിരുന്നത്. വൈദ്യുതി ബോർഡ് നൽകിയ റിപ്പോർട്ടിൽ ഹിമാചൽ പ്രദേശ് പി.ടി.സി. ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് വൈദ്യുതി ലഭ്യമാക്കുന്നതെന്ന് പറയുന്നുണ്ട്. പൈസ കൊടുക്കുന്നതിൽ അവരുടെ കമ്മീഷൻ കൂടിയുണ്ട്. ഗവൺമെന്റ് എന്ന് പറയുന്നതേയുള്ളൂ, അതിൽ പ്രൈവറ്റ് സ്ഥാപനവുമുണ്ട്. മറ്റൊന്ന് ജി.എൻ.എ. ഓപ്പൺ പ്ലാറ്റ്ഫോമാണ്. അഞ്ചര രൂപമുതൽ ആറുരൂപവരെ വ്യത്യാസം. ഗവൺമെന്റ് ആണെന്ന് കരുതി ആറുരൂപ കൂട്ടി വൈദ്യുതി വാങ്ങിക്കാൻ പറ്റുമോ? അങ്ങനെ വാങ്ങിച്ചാൽ 2232 കോടിയുടെ അധിക ബാധ്യത സർക്കാരിനുണ്ടാകും. അപ്പോൾ അത് എടുക്കാൻ പറ്റില്ല. നമ്മൾ ജി.എൻ.എയിൽ നിന്ന് വാങ്ങാനാണ് തീരുമാനിച്ചത്. രണ്ട് പ്രൊപ്പോസലുകളും താരതമ്യപ്പെടുത്തുമ്പോൾ ഹിമാചലിൽ നിന്ന് മാർച്ച് അവസാനംവരെ ആകെ 843 MU (Million Units) വൈദ്യുതിയും ജി.എൻ.എ.യിൽനിന്ന് 1,812 MU വൈദ്യുതിയുമാണ് ലഭ്യമാകുന്നത്. പീക്ക് അവറിൽ ഏറ്റവും കൂടുതൽ വൈദ്യുതി കിട്ടുന്നത് ജി.എൻ.എയിൽ നിന്നാണ് ഹിമാചലിൽ നിന്നല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2027 മാർച്ച് 31വരെയാണ് ജിഎൻഎയുമായുള്ള കരാർ. ഹിമാചലുമായുള്ള കരാർ മേയ് 31വരെയാണ്. മാർച്ചിനുശേഷം എൻടിപിസിയിൽനിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഡൽഹിയിൽ വച്ച് എൻടിപിസി ചെയർമാനുമായി ചർച്ച നടത്തിയിരുന്നു. യൂണിറ്റിന് 5.18 രൂപ നിരക്കിന് ഏകദേശം 1000 മെഗാവാട്ട് തരാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അതൊരു നല്ല നിരക്കാണ്. അവരുമായി ദീർഘകാല കരാറുണ്ടാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഗവൺമെന്റ് ഒരു ദീർഘകാല കരാറിനും ശ്രമിച്ചില്ല. എൻടിപിസിയും മറ്റു പൊതുമേഖല സ്ഥാപനങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തെ എതിർത്തതുമൂലമാണ് കെ.എസ്.ഇ.ബി ചെയർമാനെ മാറ്റിയെന്നുള്ളത് തീർത്തും തെറ്റായ ആരോപണമാണ്. സിവിൽ സർവീസ് ബോർഡ് കൂടിയിട്ടില്ലെന്ന വാർത്ത തെറ്റാണ്. ബോർഡ് കൂടിയിട്ടുണ്ട്. എന്നോട് ഒരു ഉദ്യോഗസ്ഥനും ഇതുവരെ അതൃപ്തി പറഞ്ഞിട്ടില്ല. പ്രൊസീജ്യർ അനുസരിച്ചാണ് എല്ലാം ചെയ്തത്. ഉദ്യോഗസ്ഥരെ ആദ്യമായാണോ മാറ്റുന്നത്? പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. അത് സർക്കാരിന്റെ പ്രത്യേകാവകാശമാണ്. ഉന്നത ഉദ്യോഗസ്ഥരെപ്പോലും ഒരു വകുപ്പിൽ നിന്ന് മറ്റൊന്നിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.