മുൻ രാഷ്ട്രപതിയുടെ ‘ഓർമകൾ’ അനാഥം; K.R നാരായണന്റെ പുരസ്കാരങ്ങളടക്കമുള്ളവ കമ്യൂണിറ്റി ഹാളിന്റെ മൂലയിൽ

അടാട്ട്: രാഷ്ട്രപതിയായിരിക്കേ കെ.ആർ. നാരായണന് ലഭിച്ച അമൂല്യ ഉപഹാരങ്ങളും പുരസ്കാരങ്ങളും അപൂർവ ചിത്രങ്ങളും അടാട്ട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ തറയിൽ അനാഥാവസ്ഥയിൽ. ഇവയെല്ലാം കാർഡ്ബോർഡ് പെട്ടികളിൽ കെട്ടിവെച്ചിരിക്കുകയാണ്. വെള്ളിയിലുള്ളവ ഉൾപ്പെടെ ഇവയിലുണ്ടെന്നാണ് അറിയുന്നത്.
2020-ലാണ് കെ.ആർ. നാരായണന്റെ കുടുംബം അടാട്ട് പഞ്ചായത്തിന് ഇവ കൈമാറിയത്. അദ്ദേഹത്തിന്റെ പേരിൽ മ്യൂസിയമുണ്ടാക്കി സംരക്ഷിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ഒന്നും നടന്നില്ല. ആറുവർഷമായി ഈ ഹാളിന്റെ മൂലയിലാണ് ഇവയുടെ സ്ഥാനം. കെ.ആർ. നാരായണന്റെ പേരിലുള്ള കെട്ടിടമാണ് അടാട്ട് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ. ഈ കെട്ടിടത്തിൽത്തന്നെയാണ് ഇവയുള്ളത്. അടാട്ട് ഉൾപ്പെട്ട പഴയ ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു കെ.ആർ. നാരായണൻ. കഴിഞ്ഞ ദിവസം ഈ കമ്യൂണിറ്റി ഹാളിന്റെ മച്ച് അടർന്നുവീണു. പുതിയ ഭരണസമിതി ചുമതലയേറ്റ് ആദ്യയോഗത്തിൽത്തന്നെ കെ.ആർ. നാരായണൻ മ്യൂസിയം ആരംഭിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.
സംരക്ഷണം ഉടനുണ്ടാകും
മുൻ പഞ്ചായത്ത് ഭരണസമിതിയുടെ അശ്രദ്ധയാണ് പ്രശ്നത്തിന്റെ പ്രധാന കാരണം. ഉടനെത്തന്നെ കെ.ആർ. നാരായണന്റെ പേരിലുള്ള മ്യൂസിയം ആരംഭിച്ച് ഈ ശേഖരം സംരക്ഷിക്കാൻ നടപടി ആരംഭിക്കും - അനിൽ അക്കര, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ്.
Content Highlights: Rare presidential awards and artifacts of K.R. Narayanan are currently stored in cardboard boxes., The items were donated to Adat Panchayat in 2020 for a proposed museum., Local authorities attribute the neglect to previous administrative apathy., The current administration has committed to establishing a dedicated museum for preservation.