‘കള്ളൻ വിജയൻ’ വിവാദം; ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ രാജിവെച്ചു

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ രാജിവെച്ചു. 'കള്ളൻ വിജയൻ' ലേഖനം വിവാദമായതിനു പിന്നാലെയാണ് നടപടി. ലേഖനം വിവാദമായതോടെ നേരത്തേതന്നെ രാജിവയ്ക്കാനോ അവധിയിൽ പോകാനോ അജയന് നിർദേശം നൽകിയിരുന്നു. മാനേജ്മെന്റ് നിർദേശം വന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് രാജി.
വിഷയത്തിൽ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വാദം. കള്ളൻ വിജയൻ ലേഖന വിവാദം ദേശാഭിമാനിയേയും സിപിഎമ്മിനേയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു. വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ഫീച്ചറുള്ള വാരാന്തപ്പതിപ്പിൽ തിരുവനന്തപുരത്തെ ഒരു നാടകഗ്രാമവുമായി ബന്ധപ്പെട്ട ലേഖനവും ഉണ്ടായിരുന്നു. ഈ ലേഖനത്തിന് 'കള്ളൻ വിജയൻ' എന്ന് തലക്കെട്ട് നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഈ തലക്കെട്ടുള്ളതുകൊണ്ട് ലേഖനം പുറത്തിറക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് തീരുമാനിക്കുകയും ഞായറാഴ്ച പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. കള്ളൻ വിജയൻ എന്ന ലേഖനം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന്റെ ചുമതലക്കാരനായിരുന്ന കെ.ആർ. അജയൻ അതിന് തയ്യാറായില്ലെന്നാണ് മാനേജ്മെന്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
Content Highlights: KR Ajayan, in charge of Deshabhimani weekly, has resigned., The resignation follows the controversy surrounding the 'Kallan Vijayan' article.