ജി. സുധാകരൻ പറഞ്ഞത് മഞ്ഞുമലയുടെ അറ്റംമാത്രം, ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമല്ല - KPCC പ്രസിഡന്റ്

കല്പറ്റ: തപാല്‍വോട്ട് തിരുത്തിയെന്ന് ജി. സുധാകരന് പറഞ്ഞത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, സിപിഎമ്മിന്റെ അറിവോടെയാണ് ഇത് നടക്കുന്നതെന്നും, ആലപ്പുഴയില്‍ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഡിസിസിയില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ പങ്കെടുത്തശേഷം കല്പറ്റയില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനാധിപത്യത്തിന്റെ ഭംഗി സ്വന്തംവോട്ട് സ്വന്തംനിലയില്‍ ചെയ്യുമ്പോഴാണ്. സിപിഎം ആള്‍മാറാട്ടത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് പലപ്പോഴായി തെളിഞ്ഞതാണ്. ജനാധിപത്യപ്രക്രിയക്ക് ഇത് കളങ്കമാണ്. ജി. സുധാകരന്റെ ഈ വെളിപ്പെടുത്തലിലൂടെ തിരഞ്ഞെടുപ്പിലെ ക്രമക്കേട് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും, സര്‍ക്കാരും, തിരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ഇതിനകംതന്നെ കോണ്‍ഗ്രസ് ഒട്ടേറെ സമര നിയമപോരാട്ടങ്ങള്‍ നടത്തിയതാണ്. അതിനെല്ലാം ബലംനല്‍കുന്നതാണ് വൈകിയാണെങ്കിലും ജി. സുധാകരന് നടത്തിയ വെളിപ്പെടുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാടിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയുണ്ടെന്ന്, തുടര്‍ന്ന് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്കിയ സ്വീകരണയോഗത്തില്‍ അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ രാഷ്ട്രീയചുമതലയെ കാണുന്നുവെന്നും വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും, യുഡിഎഫും ഉജ്ജ്വലവിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി പ്രസിഡന്റായശേഷം ആദ്യമായി ജില്ലയിലെത്തിയ സണ്ണി ജോസഫ് എംഎല്‍എക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയൊരുക്കിയത്. ഏലംകൊണ്ടുള്ള ഹാരമണിയിച്ചാണ് ഡിസിസിയില്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് അധ്യക്ഷനായിരുന്നു. പ്രധാനനേതാക്കളും പങ്കെടുത്തു.
ദുരന്തബാധിതരുടെ ദിനബത്ത നല്‍കാതെ സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നു - സണ്ണി ജോസഫ്
കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ദിനബത്ത ഉള്‍പ്പെടെയുള്ളവ കിട്ടാത്തപ്പോഴാണ് പിണറായി സര്‍ക്കാര്‍ നാലാംവാര്‍ഷികം ആഘോഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ്് സണ്ണി ജോസഫ്. ദുരന്തബാധിതരുടെയും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെയും ജീവിതോപാധി മുടങ്ങി. ദിനബത്തയും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ കിട്ടേണ്ട ആനുകൂല്യങ്ങളും നല്‍കാനുള്ള നടപടി സ്വീകരിക്കാതെ നൂറുകോടി ചെലവഴിച്ചുകൊണ്ട് നടത്തുന്ന നാലാംവാര്‍ഷികം ദുരന്തബാധിതരോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഉരുള്‍ദുരന്തബാധിതര്‍ക്ക് നീതിനല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല സര്‍ക്കാരിന് താത്പര്യം. ജനങ്ങള്‍ നല്കിയ പണം ഉപയോഗിച്ച് ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍പോലും വീഴ്ചയില്ലാതെ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കാബിനറ്റ് തീരുമാനമുണ്ടായിട്ടും ദിനബത്ത നല്കുന്നതില് അഞ്ചുമാസം വൈകിയത് ദുരന്തബാധിതരോടുള്ള അവഗണനയാണ്.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ പെരുവഴിയിലേക്ക് തള്ളാനുള്ള നീക്കം അനുവദിക്കില്ല. ഈ സമരത്തെ തിരിഞ്ഞുനോക്കാത്ത സമീപനമാണ് തൊഴില്‍മന്ത്രി സ്വീകരിച്ചത്. ഇത് അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി സലീം മേമന അധ്യക്ഷനായിരുന്നു.
എംഎല്‍എമാരായ അഡ്വ. ടി സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്, ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, പി.പി. ആലി, പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, ടി.ജെ. ഐസക്, എന്‍.കെ. റഷീദ്, എം.എ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: kpcc president sunny joseph criticises cpm leader g sudhakaran in alappuzha fake vote issue