KC പക്ഷവും സതീശൻ അനുകൂലികളും നേർക്കുനേർ; ജിന്റോയും അനൂപും CPM അജണ്ട നടപ്പാക്കുന്നുവെന്ന് പരാതി

തിരുവനന്തപുരം: കോൺഗ്രസ് മീഡിയ പാനലിനുള്ളിലെ ഭിന്നതകൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. പാനൽ അംഗങ്ങളായ ജിന്റോ ജോണിനെയും വി.ആർ. അനൂപിനെയും പാനലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജു പി. നായർ കെപിസിസിക്ക് ഔദ്യോഗികമായി പരാതി നൽകി. ഇരുവരും ചാനൽ ചർച്ചകളിലൂടെ സിപിഎം അജണ്ടയാണ് നടപ്പാക്കുന്നതെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
സർക്കാർ വിവിധ വിഷയങ്ങളിൽ പ്രതിരോധത്തിലാകുന്ന ഘട്ടങ്ങളിൽ, പ്രതിപക്ഷത്തെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് വി.ആർ. അനൂപും ജിന്റോ ജോണും സ്വീകരിക്കുന്നതെന്ന് രാജു പി. നായർ ആരോപിക്കുന്നു. ചാനൽ ചർച്ചകളിൽ ഇവർ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ കാരണം മറ്റ് കോൺഗ്രസ് പ്രതിനിധികൾക്ക് സർക്കാരിനെ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇവർ ഇരുവരും സിപിഎം അജണ്ടയാണോ നടപ്പാക്കുന്നത് എന്ന കാര്യത്തിൽ സംശയമുണ്ടെന്നും രാജു പി. നായർ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കെ.എസ്.യു.വിനെതിരെയുള്ള വി.ആർ. അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റിനെത്തുടർന്നാണ് പാർട്ടിയിൽ ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമായത്.
ഇത് പിന്നീട് കെ.സി. വേണുഗോപാൽ പക്ഷവും വി.ഡി. സതീശനെ അനുകൂലിക്കുന്നവരും തമ്മിലുള്ള പരസ്യമായ പോരായി മാറുകയായിരുന്നു. കെപിസിസി അധ്യക്ഷനും മീഡിയ സെല്ലിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിക്കുമാണ് രാജു പി. നായർ പരാതി കൈമാറിയിരിക്കുന്നത്.
Content Highlights: Raju P. Nair officially requested the removal of Jinto John and V.R. Anoop from the KPCC media panel. Allegations suggest the duo is promoting a CPM-friendly agenda during TV debates. The dispute highlights deep-rooted factionalism between the KC Venugopal and V.D. Satheesan camps. Tensions escalated following a controversial Facebook post regarding KSU.