ഡൽഹിയിൽ നിന്നുമെത്തിയ സർപ്രൈസ് സ്ഥാനാർഥി; ഒടുവിൽ വടകരയെ ഞെട്ടിച്ച ഉണ്ണികൃഷ്ണൻ

കോഴിക്കോട്: 1971-ൽ വടകര ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി എഴുതിയ ചുവരെഴുത്ത് മായ്ച്ചാണ് ദേശീയ നേതൃത്വം സ്ഥാനാർഥിയായി കെ.പി. ഉണ്ണികൃഷ്ണന്റെ പേരെഴുതിയത്. പിന്നീട് തുടർച്ചയായി ആറു തവണ വടകരയിൽ നിന്ന് വിജയിച്ച ഉണ്ണിക്കൃഷ്ണൻ വടകരയുടെ ചരിത്രവും തിരുത്തിയെഴുതി. കേരളത്തിൽ ഒരേ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറ് തവണ വിജയിച്ച മറ്റൊരാളില്ല. നാല് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണെങ്കിലും താൻ എപ്പോഴും കോൺഗ്രസാണെന്ന് പറഞ്ഞിരുന്നു ഉണ്ണിക്കൃഷ്ണൻ.
പത്രപ്രവർത്തകനായി തുടങ്ങി കേന്ദ്രമന്ത്രിവരെയായ ഉണ്ണികൃഷ്ണൻ കേരള രാഷ്ട്രീയത്തിന്റെ എല്ലാ പരിവർത്തനങ്ങളിലും സാക്ഷിയായ നേതാവായിരുന്നു. 1971-ൽ വടകര മണ്ഡലത്തിൽ ലീലാ ദാമോദരന്റെ പേരായിരുന്നു കെ.പി.സി.സി. നൽകിയ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഉണ്ണികൃഷ്ണനെയാണ് ഇന്ദിരാഗാന്ധി നിശ്ചയിച്ചത്. ഇത് ആദ്യം വലിയ കോളിളക്കമുണ്ടാക്കി. ആന്റണിയടക്കമുള്ള കെപിസിസിയിലെ യുവതുർക്കികൾ അന്ന് ഇന്ദിരാഗാന്ദിയെ പരസ്യമായി എതിർത്തു. അന്ന് സിപിഐയും കൂടെ ഉണ്ടായിരുന്നുവെങ്കിലും ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തെ തോൽപ്പിച്ചതിലൂടെ ഉണ്ണികൃഷ്ണൻ ഇന്ദിരാഗാന്ധിയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.
കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം കെപിസിസിക്കു നൽകിയ ലിസ്റ്റിൽ തന്റെ പേരും ഉണ്ടായിരുന്നു എന്ന് പിന്നീട് ഉണ്ണികൃഷ്ണൻ പറഞ്ഞിട്ടുണ്ട്. കൊയിലാണ്ടി എംഎൽഎയും ബാലുശ്ശേരിയിൽ നിന്നുള്ള കെപിസിസി അംഗവുമാണ് തന്റെ പേര് നിർദേശിച്ചതെന്നും ഉണ്ണികൃഷ്ൺ പറഞ്ഞിരുന്നു. 1967-ലെ തിരഞ്ഞെടുപ്പിൽ തന്നെ ലോക്‌സഭയിലെത്തിക്കണമെന്ന് എഐസിസി പ്രസിഡന്റ് കാമരാജ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തിലെ ചിലരുടെ എതിർപ്പുമൂലം നടന്നില്ല. അങ്ങനെയാണ് 71-ൽ സ്ഥാനാർഥിയാകുന്നത്.
1971 മുതൽ 77 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഉണ്ണികൃഷ്ണൻ കോൺഗ്രസിന്റെ എംപിയായി. പക്ഷെ അടിയന്തരാവസ്ഥ വന്നതോടെ ഉണ്ണികൃഷ്ണൻ ഇതേ ഇന്ദിരാഗന്ധിയുടെ കടുത്ത വിമർശനകനായി. നേരത്തെ ഉണ്ണികൃഷ്ണനെ എതിർത്തിരുന്ന ആന്റണി അടക്കമുള്ളവർ ഉണ്ണികൃഷന്റെ ചേരിയിലേക്കും വന്നു. പിന്നീട് നേതൃത്വത്തിന്റെ നിലപാടുകളിൽ കലഹിച്ച് കോൺഗ്രസ്(യു)വിലും കോൺഗ്രസ് (എസ്)ലും എത്തി. 80-ൽ ഇടതുപക്ഷക്കാരനായി. ആന്റണിയും കൂട്ടരും ഇടതുപരീക്ഷണം മതിയാക്കി പഴയ പാളയത്തിലേക്ക് തിരിച്ചുപോയപ്പോഴും ഉണ്ണികൃഷ്ണൻ ഉറച്ചു നിന്നു.
1980, 84, 89, 91 തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് മത്സരിച്ചതെങ്കിലും താൻ എന്നും കോൺഗ്രസാണെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വാദം. 77-ൽ അരങ്ങിൽ ശ്രീധരൻ, 80-ൽ മുല്ലപ്പള്ളി രാമചന്ദ്രൻ, 84-ൽ കെ.എം. രാധാകൃഷണൻ, 89-ൽ എ. സുജനപാൽ, 91-ൽ അഡ്വ. എം. രത്നസിങ് - ഉണ്ണികൃഷ്ണനോട് തോറ്റവർ പ്രമുഖരായിരുന്നു.
ഇന്ദിരാവധത്തെ തുടർന്നുള്ള സഹതാപ തരംഗം ആഞ്ഞടിച്ച 1984-ൽ കേരളത്തിൽ പിടിച്ചുനിന്ന മൂന്ന് ഇടതുപക്ഷ എംപിമാരിൽ ഒരാളായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ. ആന്റണിയും വയലാർ രവിയും മുതൽ അവസാനം പി.സി. ചാക്കോ വരെ തന്റെ പാളയം വിട്ടെങ്കിലും ഉണ്ണികൃഷ്ണന് കുലുക്കമുണ്ടായില്ല. പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ് ഗാന്ധി ഉണ്ണികൃഷ്ണനെ ചിലപ്പോഴെങ്കിലും ഭയന്നിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ബോഫോഴ്സ് വിവാദമുണ്ടായ നാളുകളിൽ ഉണ്ണികൃഷ്ണൻ സഭയിൽ എഴുന്നേറ്റ് നിൽക്കുന്നത് പോലും ഭരണകക്ഷി ബെഞ്ചുകളിൽ നെഞ്ചിടിപ്പുണ്ടാക്കിയിരുന്നു.
ദേശീയ മുന്നണിയെന്ന പരീക്ഷണത്തിന്റെ അമരത്തിലും കക്ഷി ചെറുതായിരുന്നിട്ടും കാഴ്ചയിലും പ്രവർത്തനത്തിലും വമ്പനായിരുന്ന ഉണ്ണിക്കും ഇരിപ്പിടം കിട്ടി. 89-ൽ വി.പി. സിങ്ങിന്റെ മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിസ്ഥാനം കിട്ടിയതും അങ്ങനെയാണ്. പിന്നീട് കോൺഗ്രസ്സുകാരുടെ കണ്ണിലെ കരടാവാനായിരുന്നു ഉണ്ണിയുടെ വിധി.
91-ലെ തിരഞ്ഞെടുപ്പിൽ ഉണ്ണിയെ വീഴ്ത്താൻ എന്തും അടിയറവെക്കാൻ അവർ തയ്യാറുമായി. അങ്ങനെയാണ് പ്രമുഖ അഭിഭാഷകനും അഡ്വക്കറ്റ് ജനറലുമായിരുന്ന രത്നങ്ങ് സ്വതന്ത്ര സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ചത്. ഉണ്ണികൃഷണൻ ഇടതു സ്ഥാനാർഥിയായിരുന്നു. പക്ഷെ കോൺഗ്രസും ബിജെപിയും അടക്കമുള്ളവർ രത്നങ്ങിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെയാണ് ആദ്യമായി കോലീബി ആരോപണവും ഉയർന്നത്. പക്ഷെ ഇതിനെയെല്ലാം തറപറ്റിച്ചു ഉണ്ണികൃഷ്ണൻ. അന്ന് രത്നസിങ്ങിനെ 17489 വോട്ടിനാണ് ഉണ്ണികൃഷ്ണൻ പരാജയപ്പെടുത്തിയത്.
സോഷ്യലിസ്റ്റ് പാർട്ടിയിലാണ് ഉണ്ണികൃഷ്ണൻ പ്രവർത്തനം തുടങ്ങിയത്. പിന്നീട് കോൺഗ്രസിലെത്തിയപ്പോഴും പിന്തുടർന്നത് നെഹ്‌റുവിന്റെ സോഷ്യലിസ്റ്റിറ്റ് ആശയങ്ങൾ തന്നെ. 1995-ൽ കോൺഗ്രസിൽ മടങ്ങിയെത്തി 1996-ൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ചെങ്കിലും സിപിഎമ്മിലെ ഒ. ഭരതനോട് പരാജയപ്പെട്ടു. കോൺഗ്രസിലെ ഒരു വിഭാഗമായിരുന്നു അതിന് പിന്നിൽ. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമച്ച് കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിൽ വിശ്രമജീവത്തിലായിരുന്നു.
Content Highlights: K.P. Unnikrishnan won the Vadakara Lok Sabha constituency six consecutive times. Began as a surprise Congress candidate in 1971, chosen by Indira Gandhi. Later won four elections with the support of the Left Front., Served as a Union Cabinet Minister in V.P. Singh's government. Famously defeated the alleged 'CoLeBi' (Congress-League-BJP) alliance in 1991.