സമയക്രമീകരണത്തിലെ അശാസ്ത്രീയത; വലഞ്ഞ് ട്രെയിൻ യാത്രക്കാർ

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ | Photo: Mathrubhumi
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ | Photo: Mathrubhumi

കോഴിക്കോട്: രണ്ടു ട്രെയിനുകളുടെ സമയം തമ്മിൽ ഉണ്ടാവുന്ന ഇടവേളകൾ ജില്ലയെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ചിലപ്പോൾ കൂട്ടത്തോടെ ട്രെയിനുകൾ ഒന്നൊന്നായി കടന്നുപോകും. ഇല്ലെങ്കിൽ മണിക്കൂറുകൾ പിന്നിട്ടാലേ വണ്ടിയെത്തൂ.

കോഴിക്കോട് ജില്ലയിലെ ഉൾനാടുകളിൽനിന്നുള്ളവർക്ക് ട്രെയിൻയാത്രതന്നെ പ്രയാസകരമാക്കുന്ന സ്ഥിതിയുമുണ്ട്. പാസഞ്ചർ ട്രെയിനുകളും മെമുവും കൂടുതലായി വന്നാൽ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. കൊയിലാണ്ടിയിലും വടകരയിലും കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സമയ പുനഃക്രമീകരണം വന്നാൽത്തന്നെ പ്രശ്‌നം ഏറെക്കുറെ പരിഹരിക്കാനാവുമെന്ന് യാത്രക്കാർ പറയുന്നു.

രാവിലെ അഞ്ചിന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന കണ്ണൂരിലേക്കുള്ള മെമു പോയാൽ പിന്നെയുള്ളത് ചെന്നൈ-മംഗളൂരൂ മെയിലും യശ്വന്ത്പുര-കണ്ണൂർ ട്രെയിനുമാണ്. ചെന്നൈ-മംഗളൂരു വണ്ടി രാവിലെ ഏഴരയോടെ കോഴിക്കോടെത്തും. പിന്നാലെ യശ്വന്ത്പുര-കണ്ണൂർ ട്രെയിനും. യശ്വന്ത്പുര വണ്ടിക്ക് സ്റ്റോപ്പ് കുറവാണ്. എന്നിട്ടും ചെന്നൈ-മംഗളൂരുവിന് പിന്നാലെ ഇഴയുന്ന സ്ഥിതിയുണ്ട്. ഇവ കഴിഞ്ഞാൽപ്പിന്നെ കണ്ണൂർ-മംഗളൂരു ഭാഗത്തേക്ക് ട്രെയിൻ കിട്ടാൻ ഒന്നരമണിക്കൂർ കഴിയണം. കോഴിക്കോടൊഴികെയുള്ള ജില്ലയിലെ മറ്റുസ്റ്റേഷനുകളിലെ കാത്തിരിപ്പിന് കുറേക്കൂടി ദൈർഘ്യമേറും.

തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ എക്‌സ്പ്രസ്, കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി സൂപ്പർ എക്‌സ്പ്രസ്സ്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എന്നിവയാണ് തൊട്ടുപിന്നിലെത്തുക. ഇതിൽ നേരത്തേ ഷൊർണൂരിലെത്തുന്ന തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ ഇന്റർസിറ്റിക്കായി പിടിച്ചിടുന്നു. ഈ ട്രെയിൻ ചിലപ്പോൾ മണിക്കൂറുകൾ പിടിച്ചിടാറുണ്ട്. പല വണ്ടികൾക്കും ബഫർ സമയം വേണ്ടത്രയുള്ളതുകൊണ്ട് റെയിൽവേയുടെ കണക്കിൽ കൃത്യസമയം (റൈറ്റ് ടൈം) ആയിരിക്കും.

കൊയിലാണ്ടിയുടെ ദുരിതം

12.50-ന് മംഗലാപുരം-കോയമ്പത്തൂർ പാസഞ്ചർ കടന്നുപോയാൽ പിന്നെ കൊയിലാണ്ടിയിൽ നിർത്തുന്ന വണ്ടി 4.30-നാണുള്ളത്, ചെന്നൈ സൂപ്പർഫാസ്റ്റ്. ഇതിനിടെയുള്ള ഒറ്റവണ്ടിയും കൊയിലാണ്ടിക്കാർക്ക് പ്രയോജനപ്പെടില്ല. ഇതിനുള്ളിൽ രണ്ട് ഇന്റർസിറ്റികൾ കൂകിപ്പാഞ്ഞ് പോകുന്നത് കൊയിലാണ്ടിക്കാർക്ക് കാണാം, കണ്ണൂർ-എറണാകുളം ഇന്റർസിറ്റിയും മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റിയും.

രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് 9.20-ന് കോഴിക്കോട് എത്തേണ്ടതാണ്. പലപ്പോഴും 10.30-നാണ് കോഴിക്കോട്ടുനിന്ന് വടക്കോട്ടുപോകുന്നത്. ഈ വണ്ടി വന്ദേഭാരതിന് സുഗമമായി കടന്നുപോകുന്നതിനുവേണ്ടി ഫറോക്കിലും കോഴിക്കോട്ടുമൊക്കെ മിക്കപ്പോഴും പിടിച്ചിടുന്നു. കണ്ണൂരിലെത്താൻ വളരെയേറെ സമയം പിടിക്കും. ഇതുമൂലം ജില്ലയിലെ സ്റ്റേഷനുകളിൽ ഇറങ്ങി വീടണയേണ്ടവർ അർധരാത്രി കഷ്ടപ്പെടേണ്ടിവരുന്നു. വടകര ഇറങ്ങി നാദാപുരത്ത് എത്തേണ്ടയാൾ പെടാപ്പാടുപെടേണ്ടിവരും. കോഴിക്കോട്ടുനിന്ന് 25 കിലോമീറ്റർ മാത്രം ദൂരമുള്ള സ്ഥലമാണ് കൊയിലാണ്ടി എന്നോർക്കണം. വടകരയുടെ സ്ഥിതിയും ഇതുപോലെ തന്നെ. മലബാർ, മാവേലി എക്‌സ്പ്രസുകൾ കൊയിലാണ്ടിക്കാർക്ക് ആശ്വാസകരമാണ്. എന്നാൽ, ഈ വണ്ടികളിൽ ജനറൽ കംപാർട്ട്മെന്റുകൾ കുറവായതിനാൽ യാത്രക്കാർ തൂങ്ങിപ്പിടിച്ചുനിന്ന് പോകേണ്ടിവരുന്നു. ചെന്നൈ-വെസ്റ്റ്കോസ്റ്റ് രാത്രി കടന്നുപോയാൽ പുലരുന്നതുവരെ കൊയിലാണ്ടിക്കാർ കാത്തിരിക്കണം.

ദീർഘദൂരവണ്ടികളുടെ സമയം ക്രമീകരിക്കാൻ പ്രയാസമാണെന്നാണ് ഇക്കാര്യത്തിൽ റെയിൽവേ നൽകുന്ന വിശദീകരണം. വണ്ടികൾ വൈകിയോടുന്നത് കുറവാണെന്നും ഞായറാഴ്ചകളിലെ ജബൽപുർ- കോയമ്പത്തൂർ സ്‌പെഷ്യൽ ട്രെയിൻ മാത്രമാണ് ഇപ്പോൾ വൈകി ഓടാറുള്ളതെന്നും റെയിൽവേ വൃത്തങ്ങൾ പറയുന്നു.

മൺസൂൺ സമയക്രമീകരണം ജൂൺ 15-ന് നടപ്പിൽവരുന്നതോടെ പ്രശ്‌നത്തിന് നേരിയ ആശ്വാസമുണ്ടാവുമെന്ന വിലയിരുത്തലുണ്ട്. ഞായറാഴ്ചയൊഴികെ എല്ലാദിവസവും രാവിലെ 8.30-ന് കോഴിക്കോട് വഴി വണ്ടിയുണ്ടാവും. രണ്ട് ദീർഘദൂര വണ്ടികൾ ഒഴികെയുള്ളവ രാവിലെ 5.30-നാവും.

Content Highlights: Unscientific train scheduling causing massive gaps in service for Kozhikode commuters., Lack of adequate stops at Koyilandy and Vadakara stations impacting daily travelers., Intercity trains prioritized over passenger trains, leading to long delays at stations., General compartment overcrowding on key trains like Malabar and Maveli Express., Monsoon schedule changes expected to bring minor relief by mid-June 2026.