പ്രഭാവതി കഴിയുന്നത് ശോച്യാവസ്ഥയിലുള്ള ഒറ്റമുറിവീട്ടിൽ; നടപ്പാതയിലൂടെ വീണ്ടും ബൈക്കുകൾ, എല്ലാം പഴയപടി

കോഴിക്കോട്: മുണ്ടും വേഷ്ടിയുമുടുത്ത് കാല് കുറുകെവെച്ച് സ്‌കൂട്ടർയാത്രികനെ പ്രഭാവതി അമ്മ തടയുന്നത് ലോകം കണ്ടു. 3.28 കോടി പേർ ആ വൈറൽ വീഡിയോ മാത്രം കണ്ടു. നടപ്പാത കൈയേറിയുള്ള വാഹനങ്ങളുടെയും വ്യാപാരികളുടെയും നീക്കത്തെ പിടിച്ചുകെട്ടുമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരും പ്രഖ്യാപിച്ചെങ്കിലും വെള്ളിയാഴ്ച പകലും പതിവുപോലെ പോയി. ഇത്രയേറെ ചർച്ചയായ എരഞ്ഞിപ്പാലം ബൈപ്പാസിലെ ആ നടപ്പാതയിൽവെച്ചുതന്നെ പ്രഭാവതി അമ്മ രണ്ട് ഇരുചക്രവാഹനയാത്രക്കാരെ തടഞ്ഞു.
കാരണം 'സിസ്റ്റ'ത്തിന്റെ വീഴ്ച
നൂറുകണക്കിന് ബൈക്കുകൾ നടപ്പാത കയറിയിറങ്ങി. കാരണം, അവിടുത്തെ 'സിസ്റ്റ'ത്തിന്റെ വീഴ്ചതന്നെയായിരുന്നു. ഒരു ഉദ്യോഗസ്ഥനും നടപടിയെടുക്കാൻ സാധിച്ചില്ല.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലൊന്നായ എരഞ്ഞിപ്പാലത്ത് 'ഫ്രീ ലെഫ്റ്റ്' സൗകര്യംപോലും ലഭിക്കാതെ വാഹനങ്ങൾ കുരുക്കിലാവും. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതിലുണ്ടാകും. ഇതിന് പരിഹാരമുണ്ടാക്കാൻ പോലീസിനോ മോട്ടോർവാഹനവകുപ്പിനോ പൊതുമരാമത്ത് വകുപ്പിനോ നാളിതുവരെയായി കഴിഞ്ഞിട്ടില്ല.
നടപ്പാതയിലേക്ക് ഇരുചക്രവാഹനങ്ങൾ കയറുന്നത് കുറ്റകരമാണെങ്കിലും അങ്ങനെ കയറാതിരിക്കാൻ ബദൽമാർഗമൊരുക്കാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിനുവേണ്ടി കാര്യമായ ഒരു ശ്രമവും നടന്നിട്ടുമില്ല.
സ്വന്തമായി വീടില്ലാത്ത പ്രഭാവതി
പ്രതികരണത്തിന്റെ 'പവർ'കൊണ്ട് ശ്രദ്ധേയയായ പ്രഭാവതിയുടെ താമസസ്ഥലം കണ്ട് അനുമോദിക്കാനെത്തിയവർ പലരും ഞെട്ടി. കുടുംബസ്വത്തായി ലഭിച്ച ക്ഷേത്രമുറ്റത്തെ ഒറ്റമുറിവീട് ശോച്യാവസ്ഥയിലാണ്. അടുക്കളയും കുളിമുറിയുമെല്ലാം നല്ലവാതിൽപോലുമില്ലാതെ ഉപയോഗശൂന്യമായാണുള്ളത്. രാത്രി ഒറ്റയ്ക്കിവിടെ കിടക്കാൻ സാധിക്കാത്തതുകൊണ്ട് പ്രഭാവതി കുടുംബസുഹൃത്തിന്റെ വീട്ടിലാണ് രാത്രി ഉറങ്ങുക.
വൈറൽ വീഡിയോ ചിത്രീകരിച്ച അഫലഹിന്റെ കൂടെ വടകരയിൽനിന്നെത്തിയ ആയഞ്ചേരി വ്യാപാരി വ്യവസായി യൂണിറ്റ് പ്രതിനിധി മൻസൂർ ഈ അവസ്ഥകണ്ട് അടുക്കളയും കുളിമുറിയും മോടികൂട്ടിത്തരാമെന്ന് വെള്ളിയാഴ്ച വാഗ്ദാനംചെയ്തു.
Content Highlights: See how Prabavathi Amma`s viral act highlights a system failure on Kozhikode`s footpaths. Officials promised action, but the problem persists. Read more!