കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം; ‘കരാറുകമ്പനിയെ മാറ്റും’,റെയിൽവേ അറിയിച്ചതായി എംപി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) അറിയിച്ചതായി എം.കെ. രാഘവൻ എം.പി.
നവീകരണപ്രവൃത്തിയിലുണ്ടാകുന്ന കാലതാമസം ഡി.ആർ.എം. മധുകർറോട്ടുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. കരാറുകാരന്റെ തുടർച്ചയായ വീഴ്ച കണക്കിലെടുത്ത് തുടർനടപടികൾ റെയിൽവേ സ്വീകരിക്കുമെന്നും എം.പി. പറഞ്ഞു.
യാത്രാദുരിതം പരിഹരിക്കാനായി മംഗളൂരു-പാലക്കാട് പാതയിൽ പുതിയ മെമുസർവീസുകൾ ആരംഭിക്കാൻ നടപടിയെടുക്കുമെന്ന് ഡി.ആർ.എം. ഉറപ്പുനൽകി. പാലക്കാട് ഷെഡിലേക്ക് അനുവദിക്കാൻ ചെന്നൈ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് അയച്ച 5 മെമു റേക്കുകൾ വേഗത്തിൽ ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്ന് ഡി.ആർഎം., എം.പി.ക്ക് ഉറപ്പുനൽകി.
ഉത്തരമലബാറിൽനിന്ന് പാലക്കാടുവഴി ബെംഗളൂരുവിലേക്ക് പുതിയ പ്രതിദിന വന്ദേഭാരത് സ്ലീപ്പർ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിൻ ആരംഭിക്കുന്ന കാര്യവും ഡി.ആർഎം. റെയിൽവേ ബോർഡിന് മുൻപാകെ ഉന്നയിക്കും.
നിലവിൽ യാത്രക്കാർ കുറവുള്ള ഗോവ-മംഗളൂരു വന്ദേഭാരത് ട്രെയിൻ കോഴിക്കോടുവരെ നീട്ടാനും മംഗലാപുരം ഭാഗം ദക്ഷിണ, പശ്ചിമ റെയിൽവേയിലേക്ക് മാറിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ 24 കോച്ചുകൾ പരിപാലിക്കാൻ ശേഷിയുള്ള പിറ്റ്‌ലൈൻ സ്ഥാപിക്കാനും കല്ലായിൽ യാത്രാബുദ്ധിമുട്ട് പരിഗണിച്ച് ലിമിറ്റഡ് യൂസ് സബ്‌വേ അനുവദിക്കുന്നതിന് റെയിൽവേ ബോർഡിനോട് ആവശ്യപ്പെടുമെന്നും ഡി.ആർ.എം. ഉറപ്പുനൽകി. അമലാപുരി (പി.ടി. ഉഷ റോഡ്), പണിക്കർ റോഡ്, വെസ്റ്റ്‌ഹിൽ ചുങ്കം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും അന്തിമ അനുമതിയും നിർമാണവും വേഗത്തിലാക്കാൻ റെയിൽവേയുടെ ഇടപെടലുണ്ടാകും.
സീനിയർ ഡി.ഇ.എൻ. കോഡിനേഷൻ മുഹമ്മദ് ഇസ്‌ലാം, കോഴിക്കോട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ (കൺസ്ട്രക്‌ഷൻ) ഹബീബ് റഹ്‌മാൻ, ആർ.ബി.ഡി.സി.കെ. ഡി.ജി.എം. ദേവേഷ്, കെ.ആർ.ഡി.സി.എൽ. മാനേജർ വിനയൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
Content Highlights: Kozhikode Railway Station renovation contract to be cancelled due to contractor delays., New MEMU services planned on Mangaluru-Palakkad route., Proposal to extend Goa-Mangaluru Vande Bharat up to Kozhikode., New pitline and Kallai limited use subway requested.