ക്ലോക്ക് ടവർ അപകടം: കോഴിക്കോട് വഴിയുള്ള തീവണ്ടിഗതാഗതം താറുമാറായി; ക്രമീകരണങ്ങൾ ഏർപ്പെടുത്തി റെയിൽവേ

#ന്യൂസ് ഡെസ്ക്

കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിന് പിന്നാലെ കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 11:10 ഓടെ അപകടം നടന്നതിന് ശേഷം കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ വഴി ട്രെയിനുകളൊന്നും കടത്തി വിട്ടിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നു. ഉച്ചകഴിഞ്ഞുള്ള ട്രെയിൻ ഗതാഗതത്തിന് റെയിൽവേ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

അപകടത്തെ തുടർന്ന് ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമായിരുന്നു ട്രെയിൻ കടത്തിവിട്ടിരുന്നത്. ഉച്ചയ്ക്ക് 2:20 ഓടെ ഒന്നാം പ്ലാറ്റ്ഫോമിലൂടെ സർവ്വീസ് പുനരാരംഭിച്ചു. 

കോഴിക്കോട് നിന്ന് 1.45ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായിയിൽനിന്നാകും പുറപ്പെട്ടത്. ജനശതാബ്ദിയിൽ പോകേണ്ടവർക്ക് കോഴിക്കോട് നാലാം പ്ലാറ്റ് ഫോമിലേക്ക് എത്തിച്ചേരുന്ന ഏറനാട് എക്സ്പ്രസിൽ കയറി കല്ലായിലേക്ക് പോകാൻ അനുമതിയുണ്ടായിരുന്നു. ഇതിനായി ഏറനാട് എക്സ്പ്രസിന് കല്ലായിയിൽ സ്റ്റോപ്പ് അനുവദിച്ചു. ജനശതാബ്ദി എക്സ്പ്രസിൽ കയറാനുള്ള യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. 

കെഎസ്ആർ ബെംഗളൂരു കോഴിക്കോട് എക്സ്പ്രസ് വെസ്റ്റ്ഹില്ലിൽ യാത്ര അവസാനിപ്പിക്കും. ബെംഗളൂരുവിലേക്കുള്ള മടക്കയാത്രയും വെസ്റ്റ്ഹില്ലിൽ നിന്നായിരിക്കും ആരംഭിക്കുക.  56617 കോഴിക്കോട് - കണ്ണൂർ പാസഞ്ചർ വെസ്റ്റ്ഹില്ലിൽ നിന്ന് യാത്ര ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

അപകടത്തെ തുടർന്ന് നേത്രാവതി, ഏറനാട് ട്രെയിനുകൾ വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകായിരുന്നു. ഉച്ചയ്ക്ക് 1:07 ഓടെയാണ് ഏറനാട് എക്‌സ്പ്രസ് നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയത്. 11:10ന് എത്തേണ്ടിയിരുന്ന ട്രെയിനാണിത്.  മറ്റു ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലും സിഗ്നൽ പോയിന്റുകളിലും ഏറെ സമയം പിടിച്ചിട്ടിരിക്കുകയായിരുന്നു. 

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എ.എൽ.എമാരായ ഫൈസൽ ബാബുവും കെ. ജയന്തും ആവശ്യപ്പെട്ടു.

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമിൽ ഉള്ളപ്പോഴാണ് അപകടം. ഈ ട്രെയിൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2:05 ന് പുറപ്പെടേണ്ടിയിരുന്നതാണ് ട്രെയിൻ. അപകടം നടക്കുന്ന സമയത്ത് യാത്രക്കാർ ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്. ഇവിടെ ഉണ്ടായിരുന്ന ചില ജീവനക്കാർ ഓടിമാറുകയും ചെയ്തു.

പുനഃക്രമീകരണം

  • പെയറിംഗ് ട്രെയിൻ വൈകി ഓടുന്നതിനാൽ, ഇന്ന് (09.07.2026) 15:45ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 19259 തിരുവനന്തപുരം നോർത്ത് - ഭാവ്‌നഗർ എക്‌സ്പ്രസ്, നാളെ (10.07.2026) 07:45ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നും
  • തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഇന്ന് (09.07.2026) 14:40ന് പുറപ്പെടേണ്ടിയിരുന്ന 12431 തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ്, നാളെ (10.07.2026) പുലർച്ചെ 01:00-ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചിരിക്കുന്നു.

Content Highlights: Clock tower at Kozhikode Railway Station collapsed onto platform 2., Train services through Kozhikode are currently suspended., No casualties reported as the area was clear of passengers., Power supply to the station has been disconnected for safety., Major trains like Netravati and Ernad are currently halted at nearby stations.