മൂന്നരക്കോടിയുടെ എംഡിഎംഎ കേസ്; തെളിവില്ലാതാക്കാനുള്ള പ്രതികളുടെ തന്ത്രം, ശബ്ദപരിശോധനയിലൂടെ കുരുക്കഴിക്കാൻ എക്സൈസ്

കോഴിക്കോട്: മയക്കുമരുന്ന് കേസിന്റെ ചുരുളഴിക്കാൻ അപൂർവ പരിശോധനക്കൊരുങ്ങി എക്‌സൈസ്. പന്തീരാങ്കാവിൽനിന്ന് മൂന്നരക്കോടിയുടെ എംഡിഎംഎ പിടികൂടിയ കേസിൽ, തെളിവില്ലാതാക്കാൻ വിദേശ ഫോൺനമ്പർ ഉപയോഗിച്ച പ്രതികളെ ശാസ്ത്രീയ പരിശോധയിലൂടെ കുരുക്കാനാണ് എക്സൈസ് നീക്കം. പ്രതികളുടെ ഫോണുകളിലെ കോൾ േെറക്കാഡിങ്, വാട്‌സാപ്പ്, ടെലിഗ്രാം, സാങ്കി ആപ്പുകളിലെ ശബ്ദസന്ദേശം എന്നിവ ഫൊറൻസിക് ലാബിൽ പരിശോധിക്കും. പ്രതികളായ ഷഫീഖ് (33), ഉമ്മർ ഫാറൂക്ക് (37), ബിലാൽ (28), ഹിരൺ (31), നൗഷാദ് (49) എന്നിവരുടെ ശബ്ദസാമ്പിൾ ഇതിനുവേണ്ടി തിരുവനന്തപുരം സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലാബിൽ റെക്കോഡ് ചെയ്തു. ഇത് ഇവരുടെ സാമൂഹിക മാധ്യമങ്ങളിലെയും കോൾ റെക്കോഡിങ്ങിലെയും ശബ്ദവുമായി താരതമ്യംചെയ്യും.
എക്‌സൈസിന്റെ അപേക്ഷ അംഗീകരിച്ച് വടകര ലഹരിമരുന്നു വിരുദ്ധ സ്‌പെഷ്യൽ കോടതിയാണ് ഇതിന് ഉത്തരവിട്ടത്. യു.എ.ഇ., അർമേനിയ അടക്കമുള്ള രാജ്യങ്ങളുടെ ഫോൺ നമ്പറുകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഇവ മറ്റുരാജ്യങ്ങളുടെ വി.പി.എന്നുകളുമായി കണക്ട് ചെയ്താണ് സാമൂഹികമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്നത്. വിദേശ നമ്പറുകളായതിനാൽ ഫോൺകോൾ വിവരം എടുക്കാനും തെളിവായി നൽകാനും പ്രയാസമുണ്ട്.
ഏപ്രിൽ 23-ന് പന്തീരാങ്കാവ് ടോൾപ്ലാസയ്ക്കു സമീപം കാറിൽ രാജസ്ഥാനിൽനിന്ന് കൊണ്ടുവരുകയായിരുന്ന 3.3 കിലോഗ്രാം മെത്താഫിറ്റമിൻ, 56 ഗ്രാം എംഡിഎംഎ, എക്സ്റ്റസി ഗുളികകൾ എന്നിവയുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായതാണ് കേസ്. ബാക്കി പ്രതികളെ 17 സംസ്ഥാനങ്ങളിൽ നിന്നായാണ് എക്സൈസ് സംഘം പിടികൂടിയത്. പിടികിട്ടാനുള്ള എട്ടാംപ്രതി നൈജീരിയൻ പൗരൻ ഇമ്മാനുവൽ അഫാമിനെതിരേ ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. കോഴിക്കോട് അസി. എക്‌സൈസ് കമ്മിഷണർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: Excise utilizes forensic voice sample testing to break foreign phone number anonymity in the Rs 3.5 crore MDMA case., Voice recordings from WhatsApp, Telegram, and calls of five accused were recorded at Thiruvananthapuram State Forensic Science Lab., Vadakara anti-drug special court approved the scientific investigation method as accused used UAE and Armenian numbers via VPN., The prime case involves 3.3 kg methamphetamine and MDMA seized near Pantheerankavu toll plaza, with a lookout circular issued for a Nigerian national.