‘കടലിൽതന്നെ ഇട്ടാൽമതിയായിരുന്നു, ഇത്ര സീനാണെന്ന് അറിഞ്ഞില്ല’; പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന

#മാതൃഭൂമി ന്യൂസ്
കടലിൽനിന്ന് കിട്ടിയ ഷെൽ, മത്സ്യത്തൊഴിലാളി
കടലിൽനിന്ന് കിട്ടിയ ഷെൽ, മത്സ്യത്തൊഴിലാളി

കോഴിക്കോട്: പുതിയാപ്പയിൽ മത്സ്യബന്ധനത്തിനിടെ സൈന്യം ഉപയോഗിക്കുന്നതിന് സമാനമായ ഷെൽ വലയിൽ കുടുങ്ങി. പുതിയാപ്പ ഹാർബറിൽനിന്ന് കടലിലേക്ക് പോയ രാജലക്ഷ്മി എന്ന ബോട്ടിലെ ജീവനക്കാർക്കാണ് കടലിൽവെച്ച് ഈ ഷെൽ ലഭിച്ചത്. വലയിൽ കുടുങ്ങിയ ഷെൽ തൊഴിലാളികൾ തീരത്തേക്ക് കൊണ്ടുവരികയും ഹാർബറിന് സമീപം വയ്ക്കുകയുമായിരുന്നു. തുടർന്ന് സംശയം തോന്നിയ തൊഴിലാളികൾ പോലീസിൽ വിവരമറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

കടൽവെള്ളത്തിൽ കിടന്നതിനാൽ ഷെല്ലിന്റെ മുകൾഭാഗം തുരുമ്പിച്ച നിലയിലാണ്. ഷെല്ലിൽ ചില എഴുത്തുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവ പോലീസ് പരിശോധിച്ചുവരുന്നു. ഇത് ഏത് തരത്തിലുള്ളതാണെന്നോ എത്ര കാലപ്പഴക്കമുണ്ടെന്നോ ഉറപ്പിച്ചുപറയാൻ വിശദമായ പരിശോധന ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്ന സ്ഥലത്തേക്ക് ആളുകൾ കടക്കാതിരിക്കാൻ പോലീസ് കയറുകെട്ടി പ്രദർശനം തടഞ്ഞു.

തീരത്തുനിന്ന് ഏകദേശം 26 മുതൽ 30 നോട്ടിക്കൽ മൈൽവരെ അകലെനിന്നാണ് ഇത് ലഭിച്ചതെന്ന് ബോട്ടിലെ തൊഴിലാളി പറഞ്ഞു. സിനിമകളിൽ കണ്ടുള്ള പരിചയംകൊണ്ടും അലങ്കാര വസ്തുവായി വയ്ക്കാമെന്ന കരുതലിലുമാണ് തീരത്തേക്ക് കൊണ്ടുവന്നത്. ഇത്രയും വലിയ സംഭവമോ പരിശോധനകളോ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. കടലിൽത്തന്നെ തിരിച്ചിട്ടാൽ മതിയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. 'ഷോയ്ക്ക് വയ്ക്കാൻവേണ്ടി കൊണ്ടുവന്നതാണ്. എടുത്തുവച്ച അന്നപ്പോൾതന്നെ കടലിൽ ഇട്ടേച്ചാൽ മതിയായിരുന്നു. ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. ഇത് ഇത്രയൊക്കെ സീനാണെന്ന് അറിയില്ലായിരുന്നു. വെറുതേ ഒന്ന് വെച്ചു' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.