കുടിശ്ശിക 260 കോടിരൂപ കടന്നു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ആന്‍ജിയോപ്ളാസ്റ്റി നിലച്ചു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അടിയന്തര ആന്‍ജിയോപ്ളാസ്റ്റി ചികിത്സ നിലച്ചു. ഹൃദയാഘാതവുമായി എത്തുന്നവര്‍ക്ക് അടിയന്തരമായി നല്‍കേണ്ട ജീവന്‍രക്ഷാ ചികിത്സയാണ് മുടങ്ങിയത്. രക്തക്കുഴലില്‍ സ്റ്റെന്റ് സ്ഥാപിക്കാന്‍ അത്യാവശ്യമായ ബലൂണും മെഷ് വയറും ഇല്ലാത്തതാണ് കാരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മരുന്നുവിതരണക്കാര്ക്ക് 260 കോടി രൂപയിലേറെ നല്‍കാനുണ്ട്. ഇത് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ മുന്‍പാകെ അവതരിപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് മൊത്തവിതരണക്കാര്‍ മരുന്നുവിതരണം നിര്‍ത്തിയതോടെയാണ് പ്രശ്നം സങ്കീര്‍ണമായത്.
അതീവ അടിയന്തരപ്രാധാന്യത്തോടെ നടത്തുന്ന ചികിത്സവൈകുന്നത് രോഗിയുടെ മരണത്തിനിടയാക്കും. ചികിത്സനല്കാന് സാധിക്കാത്തതിന്റെ ആശങ്കയിലാണ് ഡോക്ടര്‍മാര്‍. ബുധനാഴ്ച രാവിലെയാണ് അത്യാഹിതവിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഹൃദയാഘാതത്തിന് മുന്‍പ് നല്കിവന്നിരുന്ന 'ത്രോബോലിസിസ്' മരുന്ന് ഇഞ്ചക്ഷന് മുഖേന നല്‍കുന്നത് വീണ്ടും തുടങ്ങി. കട്ടപിടിച്ച രക്തം നേര്‍പ്പിക്കുന്നതിന് നല്കുന്ന മരുന്നാണിത്. തീവ്രഹൃദയാഘാതമല്ലെങ്കില് പോലും ശരാശരി രണ്ടുമണിക്കൂറിനുള്ളില്‍ ചികിത്സലഭിക്കണം. എന്നാല്‍, നെഞ്ചുവേദന അനുഭവപ്പെട്ട് മെഡിക്കല്‍ കോളേജിലെത്തി അവിടെനിന്ന് മറ്റൊരിടത്തേക്ക് പോകേണ്ടിവരുമ്പോഴേക്കും 'ഗോള്‍ഡണ്‍ അവര്‍' നഷ്ടപെടും.
മുപ്പതോളം രോഗികള്‍ പ്രതിദിനം അത്യാഹിതവിഭാഗത്തില്‍ ഹൃദയാഘാത ചികിത്സതേടി എത്തുന്നുണ്ട്. പകുതിയിലേറെപ്പേര്‍ അടിയന്തര ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയരാകാറുമുണ്ട്. കാര്‍ഡിയോളജി വിഭാഗത്തില്‍ മാത്രമല്ല, മെഡിക്കല്‍ കോളേജിലെ ഒട്ടുമിക്ക വിഭാഗങ്ങളിലും മെഡിക്കല്‍ ഉപകണങ്ങളുടെ വിതരണംനിലച്ചതുമൂലം പ്രശ്നം നേരിടുന്നുണ്ട്.
Content Highlights: Emergency angioplasty treatment stopped at Kozhikode Medical College due to lack of supplies.