ഒറ്റുകാർ വഴിമാറുക, പുതുതലമുറ പാർട്ടിയെ നയിക്കട്ടെ; കോഴിക്കോട്ട് കെ.എം.ഷാജിയെ പിന്തുണച്ച് പോസ്റ്ററുകൾ

കോഴിക്കോട് ലീ​ഗ് ഹൗസിനുമുന്നിൽ പതിപ്പിച്ച പോസ്റ്ററുകൾ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട് ലീ​ഗ് ഹൗസിനുമുന്നിൽ പതിപ്പിച്ച പോസ്റ്ററുകൾ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞാൽ അത് വഖഫ് ഭൂമി അല്ലാതാകില്ലെന്നുമുള്ള കെ.എം. ഷാജിയുടെ നിലപാടിനെ പിന്തുണച്ച് കോഴിക്കോട്ടെ മുസ്ലീംലീ​ഗ് സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ. കെ.എം. ഷാജിയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾക്കൊപ്പം കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചും പോസ്റ്ററുകളുണ്ട്. നഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിലും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിട്ടുളളത്. 

മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് പറയാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയ ലീ​ഗ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും വഖഫ് സ്വത്ത് കയ്യേറിയവരേയും അതിന് കൂട്ടുനിന്നവരേയും തിരിച്ചറിയാം എന്നും പോസ്റ്ററുകളിൽ ഉണ്ട്. വഖഫ് വിഷയത്തിൽ പരസ്യപ്രസ്താവന വേണ്ടെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ വിലക്കിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് ന​ഗരത്തിൽ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

'മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയ പാർട്ടി നേതാവിനെ പുറത്താക്കുക, ആദർശം പറയുന്നവരെ വിലക്കുന്നവർക്ക് തെറ്റി, മുനവറലി തങ്ങളെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ', തുടങ്ങി നിരവധി പോസ്റ്ററുകളാണ് ലീ​ഗ് ഹൗസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പാർട്ടി വിരുദ്ധ പ്രവർത്തനമെന്ന് മുനവറലി തങ്ങൾ

മുനമ്പം വിഷയത്തിൽ ലീ​ഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടി വിരുദ്ധ പ്രവർത്തനമെന്ന് യൂത്ത് ലീ​ഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ. പോസ്റ്ററുകൾ ഒട്ടിച്ചവർ ആരായാലും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  'മുസ്ലീം ലീ​ഗിന്റെ നിലപാട് പറയാൻ പാർട്ടി ആരെയും ഏൽപ്പിച്ചിട്ടില്ല. മുനമ്പം വിഷയത്തിൽ മുസ്ലീം ലീ​ഗിന്റെ നിലപാട് സംസ്ഥാന സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്',  പോസ്റ്റർ ഒട്ടിച്ചവരെ കണ്ടെത്തി നടപടി എടുക്കുമെന്നും മുനവറലി തങ്ങൾ പറഞ്ഞു.

Content Highlights: Posters supporting KM Shaji`s stance on the Munambam Waqf land issue appear in Kozhikode