സ്‌ഫോടനശബ്ദം ഒരുകിലോമീറ്റർ അകലെവരെ, മരിച്ചത് രണ്ടുപേർ; വീട്ടിലെ പടക്കനിർമാണം പരസ്യമായ രഹസ്യം

#News Desk
കോഴിക്കോട് കുരിക്കത്തൂരിൽ പടക്കനിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ തകർന്ന വീട്. സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു | ഫോട്ടോ: സാജൻ വി. നമ്പ്യാർ
കോഴിക്കോട് കുരിക്കത്തൂരിൽ പടക്കനിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ തകർന്ന വീട്. സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു | ഫോട്ടോ: സാജൻ വി. നമ്പ്യാർ

കുന്ദമംഗലം(കോഴിക്കോട്): കുന്ദമംഗലം കുരിക്കത്തൂരിൽ പടക്കനിർമാണത്തിനിടെ വീട്ടിൽ സ്‌ഫോടനമുണ്ടായി രണ്ടുപേർ മരിച്ചു. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽ പറമ്പിൽ രാഹുൽ (26), കോഴിക്കോട് മുണ്ടിക്കൽത്താഴം പുതിയോട്ടുമേത്തൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് സംഭവത്തിൽ പരിക്കേറ്റു.

മരിച്ച മുണ്ടിക്കൽത്താഴം സ്വദേശി രാഹുലിന്റെ സഹോദരൻ വിഷ്ണു (28), ഭാര്യ കോട്ടയം പാലാ സ്വദേശിനി സിമി (27) എന്നിവർ പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് എടക്കണ്ടപറമ്പിൽ ഹരിത്ത് (36) സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും കാര്യമായ പരിക്കേറ്റില്ല.

ഒരുകിലോമീറ്റർ അകലെവരെ സ്‌ഫോടനശബ്ദം

കുന്ദമംഗലം: സ്‌ഫോടനത്തിൽ മരിച്ച രാഹുലും സംഘവും നവംബർ മുതൽ താമസിക്കുന്ന ഓടിട്ട വാടകവീടിന്റെ പിൻവശത്ത് അടുക്കളയോടുചേർന്ന ഭാഗത്താണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ചുമരും ഓടുമുൾപ്പെടെ അടുക്കളഭാഗം പൂർണമായി തകർന്നു. ഒരുകിലോമീറ്റർ അകലെവരെ സ്‌ഫോടനശബ്ദം കേട്ടിരുന്നു. തൊട്ടടുത്ത വീടുകളുടെ ചില്ലുകൾക്കും കേടുപാടുണ്ട്. പടക്കനിർമാണത്തിനുപയോഗിക്കുന്ന പനയോലകളും വെടിമരുന്നും വീടിനുസമീപം വൻതോതിൽ ശേഖരിച്ച നിലയിലായിരുന്നു. നിർമിച്ച പടക്കങ്ങളും പെട്ടികളിലുണ്ടായിരുന്നു. വിഷുവിപണി ലക്ഷ്യമിട്ടുള്ള നിർമാണമാണ് ഇവിടെ നടന്നിരുന്നത്. അനധികൃതമായാണ് ഇവിടെ പടക്കം നിർമിച്ചിരുന്നതെന്നാണ് വിവരം. വീടിനുള്ളിൽ പടക്കനിർമാണം നടന്നിരുന്നതായി മുൻപ് അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാർ പഞ്ഞു. വൻ തോതിൽ പനയോലകളും അരച്ചാക്ക് വെടിമരുന്നും വീടിന് സമീപത്ത് ശേഖരിച്ചനിലയിലായിരുന്നു.

എം.കെ. രാഘവൻ എം.പി., ഉത്തരമേഖലാ ഐ.ജി. രാജ്പാൽ മീണ, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.

പരസ്യമായ രഹസ്യം

കോഴിക്കോട്: സ്‌ഫോടനത്തെത്തുടർന്ന് രണ്ടുപേരുടെ മരണത്തിനിടയായ വീടും പരിസരവും പരിശോധിച്ച പോലീസിന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടത് അവിടെ നടന്നത് പരസ്യമായ രഹസ്യമായിരുന്നു എന്നതാണ്. അനധികൃത പടക്കനിർമാണം അവിടെ നടക്കുന്നത് കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർമാത്രമല്ല, നാട്ടുകാരിൽ പലർക്കും അറിയുമെന്നതാണ് സൂചന. പനയോലപ്പടക്കം നിർമിക്കുന്നതിനുള്ള പനയോലകൾ അത്രമാത്രം ആ മുറ്റത്ത് ശേഖരിച്ചിട്ടുണ്ട്. മാസങ്ങൾക്കുമുൻപ് പലയിടത്തുനിന്നായി പനയോലകൾ ശേഖരിച്ച് ഇവിടെയെത്തിച്ചിട്ടുണ്ട്. കുരിക്കത്തൂർ അങ്ങാടിയിൽനിന്ന് 200 മീറ്റർ അകലെ പെരുവഴികടവിലേക്കു പോകുന്ന റോഡിലാണ് വീടുള്ളത്.

ടാറിട്ട റോഡിൽനിന്ന് താരതമ്യേന വീതികുറഞ്ഞ വഴിയിലൂടെ വേണം ഈ വീട്ടിലേക്കെത്താൻ. ഇതിലൂടെ ഇത്രമാത്രം പനയോല വാടകവീട്ടിലേക്ക് എത്തിക്കുന്നതുതന്നെ ഒറ്റനോട്ടത്തിൽ സംശയം ജനിപ്പിക്കുന്നതാണ്.

വളരെ അടുത്തടുത്ത് മതിൽക്കെട്ടുകൾപോലുമില്ലാതെ വീടുകളുണ്ട്. ഗ്രാമപ്രദേശമായതുകൊണ്ടുതന്നെ നാട്ടുകാരല്ലാത്ത ആരുടെയും പ്രവൃത്തികൾ ഏറെ ശ്രദ്ധിക്കുകയും ചെയ്യും. ഇങ്ങനെയാണ് അവിടത്തെ സാഹചര്യമെന്നിരിക്കെ വീട്ടുമുറ്റത്ത് കെട്ടുകെട്ടുകളായി ഉണക്കംവന്ന പനയോലകൾ സൂക്ഷിക്കുകയും അവ പലപ്പോഴായി പകൽസമയങ്ങളിൽ സമീപവാസികൾ വന്ന് മുറിച്ച് നിശ്ചിത അളവിലുള്ളതാക്കുകയും ചെയ്യുന്നുവെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. മുറിച്ച പനയോലയുടെ ബാക്കിഭാഗങ്ങൾ സമീപവാസികൾ കൊണ്ടുപോയി അവരുടെ വീട്ടിൽ കത്തിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും വിവരമുണ്ട്. നാട്ടുകാരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തി ഇവിടെ വന്നുപോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടി പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചില വാഹനങ്ങളുടെ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്.

അന്വേഷണം അത്തോളി, ഉള്ളിയേരി മേഖലകളിലേക്കും

കോഴിക്കോട്: കുരിക്കത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അത്തോളി-ഉള്ളിയേരി മേഖലകളിലേക്കും വ്യാപിക്കുന്നു. വാടകവീടെടുത്ത് നാടൻപടക്കങ്ങൾ നിർമിച്ച വിഷ്ണുവിനും രാഹുലിനും പടക്കനിർമാണവും വിതരണവുമായി ബന്ധമുള്ളതായി ചില വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ശിവകാശിയിൽനിന്ന് പടക്കം നാട്ടിലെത്തിച്ച് വിതരണംചെയ്തിട്ടുണ്ട്. ഇതിൽപ്പെട്ട കുറച്ച് പടക്കങ്ങൾ സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. വീട്ടുമുറ്റത്തുവെച്ച് മുറിച്ച് നിശ്ചിത അളവിലേക്കാക്കുന്ന പനയോലകൾ അത്തോളി-ഉള്ളിയേരി ഭാഗത്തേക്ക് കൊണ്ടുപോകുന്നതായാണ് വിവരം. അവിടെ വിശാലമായ ഒരു പറമ്പിൽ കെട്ടിടവും വലിയ കിണറും സജ്ജമാക്കി അവിടെ വിപുലമായ പടക്കനിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ശ്രമം പുരോഗമിക്കുന്നതായാണ് വിവരം.

സംഭവസ്ഥലത്ത് അർധരാത്രിയോടെ എത്തിയ ഉത്തരമേഖല ഐ.ജി. രാജ്പാൽ മീണയ്ക്ക് ലഭിച്ച രഹസ്യവിവരത്തിലും മറ്റൊരിടത്തേക്ക് കുരിക്കത്തൂരിൽനിന്ന് പടക്കനിർമാണത്തിനുള്ള അസംസ്‌കൃതവസ്തുക്കൾ എത്തിക്കുന്നതായി വിവരമുണ്ട്. ആ കേന്ദ്രം കണ്ടെത്തി അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ കണ്ടെത്താനും നീക്കം ആരംഭിച്ചിട്ടുണ്ട്. കുന്ദമംഗലം പെരിങ്ങൊളം മിൽമ പാലുത്പാദനകേന്ദ്രത്തിൽനിന്ന് ഒരുകിലോമീറ്റർ അകലെയാണ് കുരിക്കത്തൂരിലെ ഈ വാടകവീട്. വീടിന്റെ ഉടമ കഴിഞ്ഞവർഷം നവംബറിലാണ് ഇവർക്ക് വാടകയ്ക്ക് നൽകിയത്. അതിനുമുൻപ് മുണ്ടിക്കൽത്താഴത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. അവിടെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ.എം. ബിജു, കുന്ദമംഗലം ഇൻസ്‌പെക്ടർ എസ്. കിരൺ, എസ്.ഐ.മാരായ കെ. ബാലു, ടി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Content Highlights: Two fatalities reported in illegal firecracker manufacturing explosion in Kunnamangalam., Police investigation expanded to Atholi and Ulliyeri regions regarding supply chains., The site was an unlicensed residential unit operating under the guise of normalcy., Authorities have registered a case for culpable homicide not amounting to murder.